പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: സാല്‍മൊണെല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ അമേരിക്കന്‍ കമ്പനിയായ 'ഉട്‌സ്' (Utz) പുറത്തിറക്കുന്ന വിവിധയിനം പൊട്ടറ്റോ ചിപ്‌സുകള്‍ക്ക് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഏറ്റവും ഉയര്‍ന്ന ക്ലാസ് വണ്‍ (Class 1) ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ മരണത്തിനോ വരെ കാരണമായേക്കാവുന്ന സാഹചര്യങ്ങളിലാണ് എഫ്.ഡി.എ സാധാരണയായി ഈ വിഭാഗത്തില്‍പ്പെട്ട മുന്നറിയിപ്പ് നല്‍കുന്നത്.
കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡുകളായ 'സാപ്‌സ്' 'ഡേര്‍ട്ടി' എന്നിവയുടെ ഏകദേശം ആറര ലക്ഷത്തോളം (650,000) പാക്കറ്റ് ചിപ്‌സുകളെ ഈ നിര്‍ദ്ദേശം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ചിപ്‌സില്‍ ഉപയോഗിച്ച ഡ്രൈ മില്‍ക്ക് പൗഡറില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം കമ്പനി സ്വമേധയാ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എഫ്.ഡി.എയുടെ ഏറ്റവും പുതിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ നടപടിയുടെ ഗൗരവം വര്‍ദ്ധിപ്പിച്ചുക്കൊണ്ട് 'ക്ലാസ് വണ്‍' ആയി ഉയര്‍ത്തിയത്.
ജൂലൈ 27 നും ആഗസ്റ്റ് 31 നും ഇടയില്‍ കാലാവധി അവസാനിക്കുന്ന പാക്കറ്റുകളാണ് പിന്‍വലിച്ചവയില്‍ ഭൂരിഭാഗവും. ഇതുവരെ ഈ ഉല്‍പ്പന്നങ്ങള്‍ കഴിച്ച് ആര്‍ക്കും രോഗബാധയേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും, മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടിയെന്നും കമ്പനി അറിയിച്ചു. കൈവശമുള്ള ഇത്തരം ചിപ്‌സ് പാക്കറ്റുകള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്നും, പണം തിരികെ ലഭിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.