ഒഹായോയില്‍ ഹോട്ടലില്‍ തീപിടിത്തം; ഒരു കുടുംബത്തിലെ ഇന്ത്യക്കാരായ മൂന്നുപേര്‍ക്ക് ദാരുണ മരണം

By: 600002 On: Jul 3, 2026, 9:57 AM



 

പ്രസാദ് തീയാടിക്കല്‍ 

ഒഹായോ: ഒഹായോയിലെ വൂസ്റ്ററിലുള്ള ഇക്കോണോ ലോഡ്ജ് മോട്ടലിലുണ്ടായ അതിദാരുണമായ തീപിടിത്തത്തില്‍ ഗുജറാത്ത് സ്വദേശികളായ മൂന്നംഗ ഇന്ത്യന്‍ കുടുംബം ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാര്‍, ഭാര്യ  ഹിനാബെന്‍, മകള്‍ ഇഷാനി(20) എന്നിവരാണ് മരിച്ചത്.

ഗുജറാത്തിലെ ഖേദ ജില്ലയിലെ നഡിയാദ് സ്വദേശികളായ ഇവര്‍ രണ്ട് വര്‍ഷം മുന്‍പാണ് യുഎസിലേക്ക് കുടിയേറിയത്. ഹിതേഷ്ഭായ് ജോലി ചെയ്തിരുന്ന ഇതേ മോട്ടലില്‍ തന്നെയാണ് കുടുംബം താമസിച്ചിരുന്നതും. പ്രാദേശികസമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. എന്നാല്‍, കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട ഹിതേഷും കുടുംബവും മരണപ്പെട്ടിരുന്നു.

മേല്‍ക്കൂരയില്‍നിന്ന് തീയും പുകയും പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹിതേഷ് റിസപ്ഷനില്‍ വിളിച്ച് സഹായംതേടിയിരുന്നതായാണ് വിവരം. തുടര്‍ന്ന് ഇവരോട് അവിടെത്തന്നെ നില്‍ക്കാനും കുളിമുറിയില്‍ കയറി വെള്ളം തുറന്നുവിടാനുമായിരുന്നു നിര്‍ദേശിച്ചത്. ഇതനുസരിച്ച് കുടുംബം കുളിമുറിയില്‍ അഭയം തേടിയെങ്കിലും, രക്ഷാപ്രവര്‍ത്തകര്‍ക്ക് സമയത്തിന് ഇവരുടെ മുറിയിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല. 

കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂവരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവി ധേയമാക്കി രക്ഷാപ്രവര്‍ത്തകര്‍ അകത്തുകടന്നപ്പോഴേക്കും മൂവരെയും മരിച്ചനിലയിലാണ് കണ്ടത്.