ഫോൺ നമ്പർ പങ്കിടാതെ ഇനി വാട്സാപ്പ് ഉപയോഗിക്കാം; സുരക്ഷ ശക്തമാക്കി പുതിയ പ്രൈവസി ഫീച്ചർ

By: 600110 On: Jul 2, 2026, 2:02 PM

 

 

ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്നതിനായി പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇനി മുതൽ ആളുകൾക്ക് പരസ്പരം ചാറ്റ് ചെയ്യുന്നതിനായി തങ്ങളുടെ  ഫോൺ നമ്പറുകൾ കൈമാറേണ്ടതില്ല. പകരം, ഓരോരുത്തരും തിരഞ്ഞെടുക്കുന്ന യുണീക് ആയ 'യൂസർനെയിമുകൾ'ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും സാധിക്കും. നിലവിൽ ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളിൽ ലഭ്യമായ ഈ സുരക്ഷാ സംവിധാനം തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്കും കൊണ്ടുവരുന്നതായി മെറ്റാ ഔദ്യോഗികമായി അറിയിച്ചു.  

ആശയവിനിമയ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിവെക്കുന്നതാണ് ഈ പുതിയ പരിഷ്കാരം. അപരിചിതർക്കും താൽക്കാലികമായി പരിചയപ്പെടുന്നവർക്കും വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫോൺ നമ്പർ നൽകാൻ മടിക്കുന്നവർക്ക് ഈ ഫീച്ചർ ഏറെ സഹായകരമാകും. ആദ്യമായി ഒരാളുമായി ബന്ധപ്പെടുമ്പോൾ ഫോൺ നമ്പറുകൾ പരസ്പരം കാണാൻ സാധിക്കില്ല എന്നതുതന്നെയാണ് ഇതിൻ്റെ പ്രധാന സവിശേഷത. സുരക്ഷ ഉറപ്പാക്കുന്നതിനായി യൂസർനെയിമുകൾ തിരയാൻ പൊതുവായ ഒരു ഡയറക്ടറിയോ സെർച്ച് ഓപ്ഷനുകളോ വാട്സാപ്പിൽ ഉണ്ടായിരിക്കില്ല. മറ്റൊരാൾക്ക് നിങ്ങളെ ബന്ധപ്പെടണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണം.

ആഗോളതലത്തിൽ ഈ ഫീച്ചർ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഉപയോക്താക്കൾക്ക് തങ്ങൾക്ക് താല്പര്യമുള്ള യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രമുഖ വ്യക്തികളുടെയോ സർക്കാർ സ്ഥാപനങ്ങളുടെയോ പേരുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഈ ഫീച്ചർ പൂർണ്ണമായും നിലവിൽ വരുന്നതോടെ ഡിജിറ്റൽ ലോകത്തെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയിൽ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.