ഫെഡറൽ ഭരണകൂടവും ആൽബർട്ടയും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ മുൻകൈയെടുത്ത് പ്രധാനമന്ത്രി മാർക്ക് കാർണി; പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതി പ്രഖ്യാപിച്ചു

By: 600110 On: Jul 2, 2026, 1:57 PM

കാനഡാ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി, ഫെഡറൽ ഭരണകൂടവും ആൽബർട്ട പ്രവിശ്യയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ ഭിന്നതകളെയും പ്രാദേശിക അകൽച്ചയെയും കുറിച്ച് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി തുറന്നുപറഞ്ഞു. തൻ്റെ കൗമാരകാലത്ത് പിയറി എലിയറ്റ് ട്രൂഡോയുടെ ലിബറൽ സർക്കാർ നടപ്പിലാക്കിയ വിവാദപരമായ 'നാഷണൽ എനർജി പ്രോഗ്രാം' , ആൽബർട്ടയിലെ ജനങ്ങളിൽ തങ്ങളുടെ സ്വാഭാവിക വിഭവങ്ങൾക്ക് മേൽ തങ്ങൾക്ക് അവകാശമില്ലെന്ന ചിന്ത ഉളവാക്കിയതായി അദ്ദേഹം അനുസ്മരിച്ചു. ചൊവ്വാഴ്ച യൂട്യൂബിലൂടെ പുറത്തുവിട്ട 17 മിനിറ്റ് ദൈർഘ്യമുള്ള ഔദ്യോഗിക വീഡിയോ സന്ദേശത്തിലാണ് രാജ്യത്തിൻ്റെ ഊർജ്ജ ഭാവിയെക്കുറിച്ചുള്ള നിർണായക കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

മുൻകാലങ്ങളിൽ ഉണ്ടായ ഇത്തരം വിഭജന രാഷ്ട്രീയത്തെയും അകൽച്ചയെയും പൂർണ്ണമായി പരിഹരിച്ച്, പൊതുതാത്പര്യങ്ങൾ മുൻനിർത്തി ശക്തവും ഐക്യമുള്ളതുമായ ഒരു രാജ്യം കെട്ടിപ്പടുക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആൽബർട്ട പ്രവിശ്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിൻ്റെ ഭാഗമായി പടിഞ്ഞാറൻ തീരത്തേക്ക് ഒരു പുതിയ എണ്ണ പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള തന്ത്രപരമായ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം പത്തുലക്ഷം ബാരൽ എണ്ണ കൈമാറാൻ ശേഷിയുള്ള പൈപ്പ്‌ലൈൻ നിർമ്മാണത്തിനായുള്ള വിശദമായ നിർദ്ദേശം ആൽബർട്ട പ്രവിശ്യാ സർക്കാർ ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധികളുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും കാർണി വ്യക്തമാക്കി.

ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുന്നതോടെ അതിവേഗം വളരുന്ന ഏഷ്യൻ വിപണികളിലേക്ക് കാനഡയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ചതായും, പുതിയ പൈപ്പ്‌ലൈൻ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷയും ഒപ്പം സാമ്പത്തിക ശേഷിയും കൂടുതൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ജസ്റ്റിൻ ട്രൂഡോ സർക്കാരിൻഅറെ മുൻകാല പരിസ്ഥിതി നയങ്ങളെയും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങളെയും പ്രധാനമന്ത്രി മാർക്ക് കാർണി പരോക്ഷമായി തിരുത്തി. 2015-ൽ രൂപീകരിച്ച മുൻ സർക്കാരിൻ്റെ കാലാവസ്ഥാ പദ്ധതി അക്കാലത്തിന് അനുയോജ്യമായിരുന്നെങ്കിലും, നിലവിലെ ആഗോള രാഷ്ട്രീയ-സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്ക് അത് ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.  ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി രാജ്യത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ, പ്രകൃതിവാതക മേഖലകളുടെ വളർച്ചയെ തടസ്സപ്പെടുത്താനാകില്ലെന്നും കൂടുതൽ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ പുതിയ സാമ്പത്തിക പദ്ധതികളുമായി തൻ്റെ സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.