ഒൻ്റാരിയോയിൽ നിർണായക നിയമപരിഷ്കാരങ്ങൾ പ്രാബല്യത്തിൽ; വാടകക്കാർക്ക് എസി സ്ഥാപിക്കാൻ നിയമപരമായ അവകാശം

By: 600110 On: Jul 2, 2026, 1:49 PM

കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടയിൽ, ഒൻ്റാരിയോയിലെ വാടകക്കാർക്ക് എയർ കണ്ടീഷണർ സ്ഥാപിക്കാനുള്ള  അവകാശം ഉറപ്പുനൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ജൂലൈ ഒന്നു മുതൽ നിലവിൽ വന്ന 2023-ലെ നിയമ ഭേദഗതി പ്രകാരം, ഭൂവുടമകൾ എസി സൗകര്യം നൽകാത്ത പക്ഷം ചില വ്യവസ്ഥകൾക്ക് വിധേയമായി വാടകക്കാർക്ക് വിൻഡോ എസികളോ പോർട്ടബിൾ യൂണിറ്റുകളോ സ്ഥാപിക്കാനും ഉപയോഗിക്കാനും സാധിക്കും. കാനഡ ദിനത്തോട് അനുബന്ധിച്ച് പ്രവിശ്യയിൽ നടപ്പിലാക്കിയ നിരവധി നിയമ-നിയന്ത്രണ പരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.

എന്നാൽ, ഇതേ ഭേദഗതിയിലെ മറ്റു ചില വകുപ്പുകൾ ഭൂവുടമകൾക്ക് വാടകക്കാരെ ഒഴിപ്പിക്കുന്നത് എളുപ്പമാക്കുമെന്നും ഇത് സാധാരണക്കാരായ താമസക്കാർക്ക് തിരിച്ചടിയാകുമെന്നും സാമൂഹിക പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ആരോഗ്യ മേഖലയിലും മോട്ടോർ ഇൻഷുറൻസ് രംഗത്തും വലിയ മാറ്റങ്ങളാണ് ഇതോടൊപ്പം പ്രവിശ്യയിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പൊതു ധനസഹായത്തോടെയുള്ള വൻകുടൽ കാൻസർ രോഗനിർണ്ണയ പരിശോധനയ്ക്കുള്ള പ്രായപരിധി 50-ൽ നിന്ന് 45 വയസ്സായി കുറച്ചു. ഫാർമസിസ്റ്റുകൾക്ക് ലഘുവായ ആരോഗ്യപ്രശ്നങ്ങൾ പരിശോധിച്ച് ചികിത്സിക്കാനും കൂടുതൽ വാക്സിനുകൾ വിതരണം ചെയ്യാനും പുതിയ ഉത്തരവിലൂടെ അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, വാഹന ഇൻഷുറൻസ് മേഖലയിൽ ചില ആക്സിഡന്റ് ബെനഫിറ്റുകൾ വേണ്ടെന്ന് വെച്ചുകൊണ്ട് പ്രീമിയം തുക ലാഭിക്കാൻ ഡ്രൈവർമാർക്ക് അവസരമൊരുങ്ങുന്നുണ്ടെങ്കിലും, ഭാവിയിൽ ഉണ്ടാകാനിടയുള്ള ഗുരുതരമായ അപകടങ്ങളിൽ ഇത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്ന് ഇൻഷുറൻസ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഡ്രൈവിംഗ് ലൈസൻസ് നടപടിക്രമങ്ങളിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കർശനമായ നിയന്ത്രണങ്ങളാണ് ഒൻ്റാരിയോ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്റാറിയോയുമായി ലൈസൻസ് എക്സ്ചേഞ്ച് കരാറില്ലാത്ത അധികാരപരിധികളിൽ നിന്ന് എത്തുന്ന ഡ്രൈവർമാർ ഇനി മുതൽ G2 റോഡ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, പൂർണ്ണമായ 'G' ലൈസൻസിനായി കുറഞ്ഞത് ഒരു വർഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ട്.

കൂടാതെ, ജാമ്യത്തുക കുടിശ്ശിക വരുത്തുന്നവരിൽ നിന്ന് തുക ഈടാക്കാൻ ധനമന്ത്രാലയത്തിന് സ്വത്തുക്കൾ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള അധികാരം നൽകിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ട്രാൻസിറ്റ് സ്പെഷ്യൽ കോൺസ്റ്റബിൾമാർക്ക് അധികാരം നൽകുന്നത് ഉൾപ്പെടെ  പുതിയ നിയമപരിഷ്കാരങ്ങളുടെ ഭാഗമായി നിലവിൽ വന്നിട്ടുണ്ട്.