ജീമോന്‍ റാന്നി
ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച 'ഉണര്‍വ്' (Revival Meeting and Study Forum - UNARVU) സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആത്മീയ നവീകരണ പരിപാടികള്‍ക്ക് തുടക്കമായി. 'ക്രിസ്തു സഹയാത്രികര്‍: വിശ്വാസം, പ്രത്യാശ, ദൗത്യം' എന്ന ജൂബിലി ചിന്താവിഷയത്തെ മുന്‍നിര്‍ത്തി ഇടവകാംഗങ്ങളുടെ ആത്മീയ വളര്‍ച്ചയും ഐക്യവും ലക്ഷ്യമിട്ടാണ് ഈ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നിന്നുള്ള നാലും അഞ്ചും കുടുംബങ്ങളെ വീതം ഉള്‍പ്പെടുത്തി വീടുകളില്‍ പ്രത്യേക 'ക്ലസ്റ്റര്‍ പ്രാര്‍ത്ഥനായോഗങ്ങള്‍' നടന്നുവരുന്നു. ചെറിയ കൂട്ടായ്മകളിലൂടെ കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം ദൃഢമാക്കാനും സഭയുടെയും സമൂഹത്തിന്റെയും വിവിധ ആവശ്യങ്ങള്‍ക്കായി ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും ഈ യോഗങ്ങള്‍ ഏറെ സഹായകരമാകുന്നുണ്ട്.
സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന അംഗങ്ങള്‍ വരെയുള്ള ആയിരത്തിഅഞ്ഞൂറോളം ഇടവകാംഗങ്ങളുടെ പങ്കാളിത്തത്തോടെ ദൈവവചനം പ്രാര്‍ത്ഥനാപൂര്‍വ്വം എഴുതിത്തയ്യാറാക്കുന്ന 'ബൈബിള്‍ റൈറ്റിംഗ് പ്രോജക്റ്റ്' (Bible Writing Project) വിജയകരമായി മുന്നേറുന്നു. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് വിശുദ്ധ ഗ്രന്ഥം പകര്‍ത്തിയെഴുതുന്നത്. 2026 ജൂണ്‍ 9-ാം തീയതി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. യൂയാക്കിം മാര്‍ കൂറിലോസ് തിരുമേനി ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സാങ്കേതികവിദ്യയുടെ ഈ ആധുനിക യുഗത്തിലും ദൈവവചനം സ്വന്തം കൈപ്പടയില്‍ എഴുതി ഹൃദയങ്ങളില്‍ പതിപ്പിക്കുവാനുള്ള ഈ സംരംഭം, വരുംതലമുറകള്‍ക്ക് വിശ്വാസത്തിന്റെ വലിയൊരു സാക്ഷ്യമായി മാറുമെന്നും, ജൂബിലി സ്മാരകമായി ഒരുങ്ങുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇടവകയുടെ ആത്മീയ ഐക്യത്തിന്റെയും സമര്‍പ്പണത്തിന്റെയും മകുടോദാഹരണമായി നിലകൊള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇടവകയിലെ ഇളംതലമുറയ്ക്ക് വലിയൊരു നവാനുഭവമായി മാറിയ ഈ ബൈബിള്‍ പ്രോജക്റ്റ് ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിന് മുന്‍പായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി, ദൈവവചനം ആവശ്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ യുടെ സഹകരണത്തോടുകൂടി ഇന്ത്യയിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ വിശുദ്ധ ബൈബിള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഒരു മാതൃകാപരമായ ദൗത്യവും 'ഉണര്‍വ്' സബ് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് ഈ ബൈബിള്‍ വിതരണ പദ്ധതി നടപ്പിലാക്കുന്നത്.