ആൽബർട്ടയിൽ 100 ഡോളർ ഊർജ്ജ റീബേറ്റിനുള്ള അപേക്ഷകൾ ആരംഭിച്ചു; 34 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും

By: 600110 On: Jul 2, 2026, 12:26 PM

 

ആൽബർട്ട നിവാസികൾക്കായി പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ച 100 ഡോളറിൻ്റെ പ്രത്യേക ഊർജ്ജ റീബേറ്റിന് ബുധനാഴ്ച മുതൽ അപേക്ഷിക്കാം. ഇന്ധന നികുതി കുറച്ചാൽ അതിൻ്റെ പൂർണ്ണമായ ലാഭം ജനങ്ങളിലേക്ക് നേരിട്ടെത്തില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.

പ്രവിശ്യാ സർക്കാരിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ഈ പദ്ധതിയിലൂടെ ഏകദേശം 34 ലക്ഷം ആൽബർട്ട നിവാസികൾക്ക് ധനസഹായം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇതിനായി പ്രവിശ്യയ്ക്ക് 300 മില്യൺ ഡോളറിലധികം ചെലവ് വരും.  അപേക്ഷകർ 18 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള ആൽബർട്ട നിവാസികളായിരിക്കണം. കൂടാതെ കുടുംബത്തിൻ്റെ വാർഷിക വരുമാനം 2,25,000 ഡോളറോ അതിൽ താഴെയോ ആയിരിക്കണം.

യോഗ്യതയുള്ളൊരു വ്യക്തിക്ക് 100 ഡോളർ ലഭിക്കും. രണ്ട് മുതിർന്നവരുള്ള കുടുംബങ്ങൾക്ക് 200 ഡോളർ ലഭിക്കും. ഒരേ വീട്ടിൽ താമസിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് കുടുംബാംഗങ്ങൾക്കോ കുട്ടികൾക്കോ ആയി അക്കൗണ്ടിലേക്ക് അഡീഷണലായി 100 ഡോളർ വീതം ലഭിക്കും. ഈ തുകയ്ക്ക് നികുതി ഈടാക്കില്ല.

അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രവിശ്യയിൽ ഇന്ധനവില കുത്തനെ ഉയർന്നുനിൽക്കുകയാണ്. ഇതോടൊപ്പം ലിറ്ററിന് 13 സെൻ്റ് നിരക്കിലുള്ള ഇന്ധന നികുതി ഈടാക്കുന്നത് പ്രവിശ്യ തുടരുകയും ചെയ്യും. നിലവിൽ 2025-26 സാമ്പത്തിക വർഷത്തിൽ ആൽബർട്ടയ്ക്ക് 4.1 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക കമ്മി ഉണ്ട്. ആഗോള വിപണിയിലെ എണ്ണവില ഈ സാമ്പത്തിക കമ്മിയെ എങ്ങനെ ബാധിച്ചുവെന്നതിൻ്റെ കൃത്യമായ വിവരങ്ങൾ ഉടൻ പുറത്തുവരുന്ന സാമ്പത്തിക റിപ്പോർട്ടിൽ വ്യക്തമാകുമെന്ന് സർക്കാർ അറിയിച്ചു.

താല്പര്യമുള്ളവർക്ക് ആൽബർട്ട സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. https://www.alberta.ca/alberta-energy-rebate