എന്‍.ബി.എ ഫൈനല്‍ കണ്ട് മടങ്ങിയ വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്നു: രണ്ട് കൗമാരക്കാര്‍ക്കായി പോലീസ് തിരച്ചില്‍ വിവരം നല്‍കുന്നവര്‍ക്ക് 5,000 ഡോളര്‍

By: 600002 On: Jul 2, 2026, 12:21 PM



 

പി പി ചെറിയാന്‍

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ എന്‍.ബി.എ (NBA) ഫൈനല്‍ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെന്‍ സ്റ്റേറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് കൗമാരക്കാര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ബില്ലി സ്‌ക്മിറ്റ് (22) എന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 6-ന് പുലര്‍ച്ചെ സൗത്ത് ഫിലാഡല്‍ഫിയയിലെ സ്വന്തം വീടിന് പുറത്തുവെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.

കൈസീം സ്മിത്ത് (16), അസ്സുബൈര്‍ ഔട്ടന്‍-ഫ്‌ലെമിംഗ് (16) എന്നീ രണ്ട് കൗമാരക്കാരാണ് പ്രതികള്‍. ഇവര്‍ക്കായി പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതികള്‍ ബില്ലിയുമായി സംസാരിക്കുന്നതിന്റെയും, തന്റെ മൊബൈല്‍ ഫോണ്‍ തിരികെ ചോദിച്ചുകൊണ്ട് ബില്ലി ഇവരുടെ പിന്നാലെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാകാം കൊലപാതകം എന്നാണ് സൂചന.

പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു.എസ്. മാര്‍ഷല്‍സ് സര്‍വീസ് 5,000 ഡോളര്‍ (ഏകദേശം 4 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്കല്‍ പോലീസും ഫെഡറല്‍ ഏജന്‍സികളും സംയുക്തമായാണ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.