159-ാമത് ദേശീയ ദിനം ആഘോഷിച്ച് കാനഡ, ഭിന്നതകൾ മറന്ന് രാജ്യം ഒന്നിച്ചു നിൽക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Jul 2, 2026, 12:20 PM

കനത്ത ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും വെല്ലുവിളി ഉയർത്തുന്നതിനിടയിലും ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കനേഡിയൻ ജനത. കൺസേർട്ടുകളും പരേഡുകളുമായി രാജ്യം ഒന്നാകെ ആഘോഷങ്ങളിൽ പങ്കുചേർന്നപ്പോൾ, കടുത്ത ചൂട് മൂലം പലയിടങ്ങളിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ മാറ്റം വരുത്തേണ്ടി വന്നു. 

തലസ്ഥാനമായ ഓട്ടവയിൽ പാർലമെൻ്റ് ഹില്ലിന് മുന്നിൽ വൻ ജനക്കൂട്ടമാണ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയത്. എന്നാൽ ഉച്ച കഴിഞ്ഞുണ്ടായ ശക്തമായ ഇടിമിന്നലും കനത്ത മഴയും കാറ്റും കാരണം ഓട്ടവയിലെ വൈകുന്നേരത്തെ പരിപാടികളും പ്രശസ്തമായ കരിമരുന്ന് പ്രയോഗവും റദ്ദാക്കേണ്ടി വന്നു.  മോശം കാലാവസ്ഥയെ തുടർന്ന് ഓട്ടവ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കിയതിനാൽ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് മുൻകൂട്ടി നിശ്ചയിച്ചിരുന്ന എഡ്മൻ്റൺ യാത്രയും ഒഴിവാക്കേണ്ടി വന്നു.

ആഗോളതലത്തിൽ ലോകം കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും കാനഡക്കാർ ഒറ്റക്കെട്ടായാണ് ഇതിനെ നേരിടുന്നതെന്ന് പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞു. കാട്ടുതീ, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം കാണിച്ച ഒത്തൊരുമയെ അദ്ദേഹം പ്രശംസിച്ചു. വരാനിരിക്കുന്ന യൂറോവിഷൻ ഗാനമേളയിൽ കാനഡ പങ്കെടുക്കുമെന്നും 2028-ലെ ഫ്രാങ്കോഫോണി ഉച്ചകോടിക്ക് രാജ്യം ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഒൻ്റാരിയോ, ക്യൂബെക്ക് തുടങ്ങിയ പ്രവിശ്യകളിൽ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രിക്ക് മുകളിൽ ഉയർന്നതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. മോൺട്രിയാലിൽ ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ കൂടുതൽ വെള്ളം കുടിക്കണമെന്നും ഇടവേളകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ആൽബർട്ട പ്രവിശ്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ ഭിന്നതകൾക്കിടയിലും, ഭൂരിഭാഗം ജനങ്ങളും രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ചാണ് കാനഡ ദിനാഘോഷങ്ങളിൽ പങ്കാളികളായത്.