കാനഡയും മെക്സിക്കോയുമായുള്ള നിലവിലെ വ്യാപാരക്കരാർ (CUSMA) അതേ രീതിയിൽ നീട്ടേണ്ടതില്ലെന്ന് അമേരിക്കൻ സർക്കാർ. ബുധനാഴ്ച നടന്ന മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് യു.എസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ ഈ പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം മൂലം കരാർ ഉടനടി റദ്ദാകില്ല. 2036 വരെ ഈ കരാറിന് കാലാവധിയുണ്ട്. കരാർ 2042 വരെ നീട്ടണോ അതോ പുതിയ നിബന്ധനകൾ ഉൾപ്പെടുത്തണേ എന്ന് തീരുമാനിക്കാനുള്ള സമയപരിധി ബുധനാഴ്ചയായിരുന്നു. കരാർ നീട്ടാൻ കാനഡയും മെക്സിക്കോയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക അതിന് തയ്യാറായില്ല.
കരാർ നിലവിൽ വന്നതിനുശേഷം കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതി വൻതോതിൽ വർദ്ധിച്ചു. ഇത് അമേരിക്കയ്ക്ക് വലിയ (വ്യാപാര കമ്മി ഉണ്ടാക്കുന്നു എന്നാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാട്. നിലവിലെ കരാറിലെ പോരായ്മകൾ പരിഹരിക്കാനും തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാനുമായി കരാർ പരിഷ്കരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. സ്റ്റീൽ, അലുമിനിയം, വാഹനം, മരം എന്നിവയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതികളിൽ ഇളവ് വേണമെന്നാണ് കാനഡയുടെ പ്രധാന ആവശ്യം. എന്നാൽ കാനഡ തങ്ങളുടെ വ്യാപാര തടസ്സങ്ങൾ നീക്കാൻ തയ്യാറാകുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു.
അമേരിക്കയുടെ നികുതി നയങ്ങളോട് മെക്സിക്കോ കൂടുതൽ സഹകരിക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും വർഷങ്ങളിൽ എപ്പോൾ വേണമെങ്കിലും കരാർ നീട്ടാൻ രാജ്യങ്ങൾക്ക് സാധിക്കുമെന്നും, ചർച്ചകൾ തുടരുമെന്നും മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബാം പറഞ്ഞു. മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ ജൂലൈ 20-ന് നടക്കും. മുൻപുണ്ടായിരുന്ന 'നാഫ്ത' കരാറിന് പകരമായി ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഒപ്പുവെച്ച ചരിത്രപരമായ വ്യാപാരക്കരാറാണ് CUSMA. മൂന്ന് രാജ്യങ്ങൾക്കുമിടയിൽ നിലവിൽ പ്രതിവർഷം 1.9 ട്രില്യൺ ഡോളറിൻ്റെ വ്യാപാരമാണ് ഇതിലൂടെ നടക്കുന്നത്. കാനഡയിൽ നിന്നുള്ള കയറ്റുമതിയുടെ 90 ശതമാനത്തെയും അമേരിക്കൻ നികുതികളിൽ നിന്ന് സംരക്ഷിക്കുന്നത് ഈ കരാറാണ്.