ആഗോള തലത്തിലെ അനിശ്ചിതത്വങ്ങളും ഊർജ്ജ വിലക്കയറ്റവും കണക്കിലെടുത്ത്, കുറഞ്ഞ വരുമാനക്കാരായ ജനങ്ങൾക്കായുള്ള 'കാനഡ ഗ്രീനർ ഹോംസ് അഫോർഡബിലിറ്റി പ്രോഗ്രാം' ഫെഡറൽ സർക്കാർ വിപുലീകരിച്ചു. മുൻപ് വീട്ടുടമസ്ഥർക്ക് മാത്രമായിരുന്ന ഈ പദ്ധതി, പുതിയ മാറ്റങ്ങളോടെ യോഗ്യരായ വാടകക്കാർക്കും ലഭ്യമാകും.
ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ നാല് പ്രവിശ്യകളിലാണ് പദ്ധതി ഇപ്പോൾ വീണ്ടും നടപ്പിലാക്കുന്നത്. 500 മില്യൺ ഡോളറിലധികം ചെലവഴിക്കുന്ന ഈ പദ്ധതിയിലൂടെ 35,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ഇതിൽ 300 മില്യൺ ഡോളർ ഫെഡറൽ സർക്കാരിൻ്റെ വിഹിതമാണ്. ഹീറ്റ് പമ്പുകൾ സ്ഥാപിക്കൽ, ഇൻസുലേഷൻ മെച്ചപ്പെടുത്തൽ, എയർ സീലിങ് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഗുണഭോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കും. വീടുകളിൽ ഈ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഒരു കുടുംബത്തിന് പ്രതിവർഷം 300 മുതൽ 1,700 ഡോളർ വരെ ഊർജ്ജച്ചെലവ് ലാഭിക്കാൻ കഴിയും.
ഓരോ വീട്ടിൽ നിന്നും പ്രതിവർഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ 1.5 ടൺ വരെ കുറവുണ്ടാകുമെന്ന് കാനഡ നാച്ചുറൽ റിസോഴ്സസ് വിഭാഗം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് ക്യൂബെക്കിനാണ്. 25,000 കുടുംബങ്ങൾക്കായി ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ ചേർന്ന് 243.5 മില്യൺ ഡോളർ നൽകും. ഹൈഡ്രോ ബിസിയുടെ (HydroBC) നിലവിലുള്ള പദ്ധതി വിപുലീകരിക്കാൻ 177.3 മില്യൺ ഡോളറും, ഫോർട്ടിസ് ബിസിക്കായി (FortisBC) 45.2 മില്യൺ ഡോളറും അനുവദിച്ചു.
2021-ൽ 'കാനഡ ഗ്രീനർ ഹോംസ് ഗ്രാൻ്റ്' എന്ന പേരിൽ തുടങ്ങിയ ഈ പദ്ധതി, ഫണ്ടിൻ്റെ ലഭ്യതക്കുറവ് മൂലം 2024-ലാണ് താൽക്കാലികമായി നിർത്തലാക്കിയത്. നിലവിലെ കടുത്ത വൈദ്യുതി പ്രതിസന്ധിയും ജീവിതച്ചെലവും മുൻനിർത്തിയാണ് പദ്ധതി പുതിയ പേരിൽ ഇപ്പോൾ തിരിച്ചെത്തിച്ചിരിക്കുന്നത്.