പ്രസാദ് തീയാടിക്കല്‍
ഡേട്ടണ്‍ (ഒഹായോ): അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ മിയാമി വാലി ഹോസ്പിറ്റലിലെ ലേബര്‍ ആന്‍ഡ് ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന 17 നഴ്സുമാര്‍ ഒരേ സമയത്ത് ഗര്‍ഭിണികളായതോടെ ആശുപത്രിയില്‍ അപൂര്‍വമായ 'ബേബി ബൂം' ശ്രദ്ധേയമായി. ഇതോടെ 2019-ല്‍ ഒരേസമയം 11 നഴ്സുമാര്‍ ഗര്‍ഭിണികളായിരുന്ന ആശുപത്രിയുടെ മുന്‍ റെക്കോര്‍ഡ് മറികടന്നു.
ഗര്‍ഭിണികളായ നഴ്സുമാരില്‍ ചിലര്‍ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലര്‍ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. എല്ലാവരും പരസ്പരം അനുഭവങ്ങള്‍ പങ്കുവെച്ചും ഉപദേശങ്ങള്‍ നല്‍കിയും ഈ പ്രത്യേക യാത്ര ഒരുമിച്ച് ആഘോഷിക്കുകയാണ്. ചിലര്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ കൈകളിലൂടെയാണ് പ്രസവിക്കാനുമൊരുങ്ങുന്നത്.
ഒരേസമയം ഇത്രയും പേര്‍ പ്രസവാവധിയിലേക്ക് പോകുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏകദേശം 200 നഴ്സുമാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്ളതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.