ഒഹായോയില്‍ ഞെട്ടിക്കുന്ന സംഭവം: ദയനീയ സാഹചര്യത്തില്‍ 16 കുട്ടികളെ കണ്ടെത്തി; നാല് പേര്‍ അറസ്റ്റില്‍

By: 600002 On: Jul 2, 2026, 10:06 AM



 

പ്രസാദ് തീയാടിക്കല്‍

ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ വിന്റണ്‍ കൗണ്ടിയിലെ ഹാംഡന്‍ ഗ്രാമപ്രദേശത്തെ ഒരു വീട്ടില്‍ അതീവ ദയനീയ സാഹചര്യത്തില്‍ കഴിയുകയായിരുന്ന 16 കുട്ടികളെ അധികൃതര്‍ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് മുതിര്‍ന്നവരെ കുട്ടികളെ അപകടത്തിലാഴ്ത്തിയെന്ന ഗുരുതര കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഒന്നര വയസ്സുമുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് വീട്ടില്‍ കണ്ടെത്തിയത്. ഇവരില്‍ പലര്‍ക്കും അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നുവെന്നും രണ്ട് കുട്ടികളുടെ നില ഗുരുതരമായതിനാല്‍ ഹെലികോപ്റ്റര്‍ വഴി ട്രോമാ സെന്ററുകളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

സംഭവസ്ഥലത്തെ സാഹചര്യം അതീവ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ''മനുഷ്യര്‍ കഴിയുമെന്ന് പോലും സങ്കല്‍പ്പിക്കാനാവാത്ത അവസ്ഥയായിരുന്നു അത്. പ്രത്യേകിച്ച് കുട്ടികള്‍ അത്തരമൊരു സാഹചര്യത്തില്‍ ജീവിച്ചിരുന്നതാണ് ഏറ്റവും വേദനാജനകം,'' എന്ന് അന്വേഷണത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഗാരി സൈഡേഴ്‌സ് ജൂനിയര്‍, ഗാരി സൈഡേഴ്‌സ് സീനിയര്‍, ക്രിസ്റ്റീന സൈഡേഴ്‌സ്, എലിസബത്ത് സൈഡേഴ്‌സ് എന്നിവരാണ് അറസ്റ്റിലായ നാല് പേര്‍. ഇവര്‍ക്കെതിരെ ഫെലണി ചൈല്‍ഡ് എന്‍ഡേഞ്ചര്‍മെന്റ് (Felony Child Endangerment) കുറ്റം ചുമത്തിയിട്ടുണ്ട്.

കുട്ടികള്‍ വീട്ടില്‍ എങ്ങനെ എത്തിയതെന്നും ഇവരുമായി പ്രതികള്‍ക്കുള്ള ബന്ധം എന്താണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. നിലവില്‍ ഈ സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.