പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രശസ്തമായ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ മുകള്‍ഭാഗത്ത് രണ്ട് മുഖംമൂടി ധരിച്ച യുവാക്കള്‍ കയറി സമാധാന സന്ദേശം അടങ്ങിയ ഭീമന്‍ ബാനര്‍ ഉയര്‍ത്തിയ സംഭവം ന്യൂയോര്‍ക്കില്‍ വലിയ ശ്രദ്ധ നേടി.
''When the power of love beats the love of power, the world knows peace' (സ്‌നേഹത്തിന്റെ ശക്തി അധികാരലോഭത്തെ തോല്‍പ്പിക്കുന്നപ്പോള്‍ ലോകം യഥാര്‍ത്ഥ സമാധാനം അറിയും) എന്ന സന്ദേശമാണ് ബാനറില്‍ എഴുതിയിരുന്നത്.
ബാനര്‍ പ്രദര്‍ശിപ്പിച്ച ശേഷം ഇരുവരും താഴേക്ക് ഇറങ്ങുന്നതിനിടെ, കെട്ടിടത്തിന്റെ താഴ്ന്ന ഭാഗത്തെ ഒരു പ്ലാറ്റ്‌ഫോമില്‍ വെച്ച് യുവാവ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ ന്യൂയോര്‍ക്ക് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എങ്ങനെ കെട്ടിടത്തിന്റെ നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞുവെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കെട്ടിടം കയറിയത് ലോകപ്രശസ്ത റൂഫ്ടോപ്പിംഗ് സാഹസികരായ റഷ്യന്‍ ദമ്പതികളായ ആഞ്ചല നിക്കോളൗയും ഇവാന്‍ ബീര്‍ക്കസ്യും ആണെന്നാണ് വിവരം. ലോകത്തിലെ നിരവധി ഉയരം കൂടിയ കെട്ടിടങ്ങളില്‍ സാഹസികമായി കയറിയതിലൂടെ ഇവര്‍ മുമ്പും ശ്രദ്ധ നേടിയവരാണ്.