വ്യാജ യു-വിസ തട്ടിപ്പ്: സബ് വേ ഫ്രാഞ്ചൈസി ഉടമയും മുന്‍ പോലീസ് ഉദ്യോഗസ്ഥരും കുറ്റം സമ്മതിച്ചു

By: 600002 On: Jul 2, 2026, 9:18 AM



 

പ്രസാദ് തീയാടിക്കല്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദേശ പൗരന്മാര്‍ക്ക് അനധികൃതമായി U-Visa ലഭ്യമാക്കുന്നതിനായി വ്യാജ പോലീസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വര്‍ഷങ്ങളായി നടത്തിയ തട്ടിപ്പ് കേസില്‍ സബ് വേ ഫ്രാഞ്ചൈസി ഉടമയും നാല് മുന്‍/നിലവിലെ നിയമപാലകരും ഫെഡറല്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു.

ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ നല്‍കിയ വിവരമനുസരിച്ച്, ലൂസിയാനയിലെ സബ്വേ ഫ്രാഞ്ചൈസി ഉടമ ചന്ദ്രകാന്ത് 'ലാല' പട്ടേല്‍ 2015 മുതല്‍ 2025 വരെ വിദേശ പൗരന്മാരില്‍ നിന്ന് വന്‍തുക ഈടാക്കി, അവര്‍ ആയുധധാരികളുടെ ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായെന്ന തരത്തില്‍ വ്യാജ പോലീസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് നിരവധി പേര്‍ക്ക് U-Visa നേടാന്‍ ശ്രമിച്ചത്.

അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പല കവര്‍ച്ചകളും യഥാര്‍ത്ഥത്തില്‍ നടന്നിട്ടില്ലെന്ന് കണ്ടെത്തി. ഓരോ വ്യാജ പോലീസ് റിപ്പോര്‍ട്ടിനും ആയിരക്കണക്കിന് ഡോളര്‍ വീതമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

കേസില്‍ ഉള്‍പ്പെട്ട നാല് മുന്‍/നിലവിലെ പോലീസ് ഉദ്യോഗസ്ഥരും കുറ്റം സമ്മതിച്ചിട്ടുണ്ട്. 2025-ല്‍ ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍, 2026 മെയ്ജൂണ്‍ മാസങ്ങളിലായാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ജൂണ്‍ 30-ന് അവസാന പ്രതിയും കുറ്റം സമ്മതിച്ചതോടെ കേസ് ദേശീയ ശ്രദ്ധ നേടി.

കുറ്റം സമ്മതിച്ച പ്രതികള്‍ക്കെതിരെ വിസ തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ശിക്ഷ ഫെഡറല്‍ കോടതി പിന്നീട് പ്രഖ്യാപിക്കും.