സിനഗോഗ് അക്രമണം പണം വാഗ്ദാനം ചെയ്തുള്ള ആസൂത്രിത ദൗത്യം: കോടതിയിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ

By: 600110 On: Jul 1, 2026, 1:42 PM

കാനഡയിലെ ഡോള്ളാർഡ്-ഡെസ്-ഓർമോക്സിലുള്ള  ജൂത ആരാധനാലയ കേന്ദ്രത്തിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണം പണം വാഗ്ദാനം ചെയ്ത് ഏൽപ്പിച്ച ആസൂത്രിത ദൗത്യത്തിൻ്റെ ഭാഗമായിരുന്നുവെന്ന് പ്രതി കോടതിയിൽ വെളിപ്പെടുത്തി. കേസിൽ കുറ്റസമ്മതം നടത്തിയ ഇരുപതുകാരനായ മുഹമ്മദ് ഇല്യാസ് അകോദാദ് എന്ന പ്രതിയാണ് മോൺട്രിയൽ കോടതിയിൽ വിചാരണ വേളയിൽ നിർണായക സാക്ഷിമൊഴി നൽകിയത്. ഒരു വിരുന്നിനിടെ പരിചയപ്പെട്ട അജ്ഞാതർ രണ്ട് കെട്ടിടങ്ങൾക്കും ഒരു വാഹനത്തിനും തീയിടുന്നതിനായി തനിക്ക് 15,000 കനേഡിയൻ ഡോളർ വാഗ്ദാനം ചെയ്തതായും, സാമ്പത്തിക ലാഭത്തിനായി താൻ  ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ഇയാൾ കോടതിയെ ബോധിപ്പിച്ചു.

കഴിഞ്ഞ ഡിസംബർ 18-നായിരുന്നു അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ അക്രമ സംഭവം അരങ്ങേറിയത്. ആരാധനാലയത്തിന് നേരെ പെട്രോൾ ബോംബ് എറിയുകയും സമീപത്തെ ജൂത കമ്മ്യൂണിറ്റി സെൻ്ററിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അകോദാദിനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്.  ആക്രമണം നടത്തിയത് യഹൂദ വിരുദ്ധതയോ  രാഷ്ട്രീയ ലക്ഷ്യങ്ങളോ മൂലമല്ലെന്നും, മറിച്ച് ലഹരിമരുന്ന് ഉപയോഗത്തിനുള്ള പണം കണ്ടെത്താൻ വേണ്ടിയായിരുന്നുവെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ആക്രമണത്തിന് ശേഷം ഭീതി തോന്നിയതിനാലാണ് കൂടുതൽ അക്രമങ്ങളിൽ നിന്ന് പിന്മാറിയതെന്നും, വാഗ്ദാനം ചെയ്ത തുകയിൽ 3,000 ഡോളർ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി.

ആക്രമണത്തിൽ കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെങ്കിലും, രാജ്യത്തെ ജൂത ജനവിഭാഗങ്ങൾക്കിടയിൽ ഇത് കടുത്ത സുരക്ഷാ ഭീതിക്ക് കാരണമായിരുന്നു. കനേഡിയൻ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. സമൂഹത്തിൽ വിദ്വേഷവും അസ്ഥിരതയും വളർത്താൻ ശ്രമിച്ച പ്രതിക്ക് കടുത്ത തടവുശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിക്കുമ്പോൾ, കടുത്ത ലഹരിക്ക് അടിമയായിരുന്ന പ്രതിയുടെ പശ്ചാത്തലവും പ്രായവും കണക്കിലെടുത്ത് കമ്മ്യൂണിറ്റി അധിഷ്ഠിത വീട്ടുതടങ്കൽ ഉൾപ്പെടെയുള്ള ശിക്ഷാ ഇളവുകൾ നൽകണമെന്നാണ് പ്രതിഭാഗത്തിൻ്റെ ആവശ്യം. കേസിൽ വരും മാസങ്ങളിൽ കോടതി അന്തിമ വിധി പ്രസ്താവിക്കും.