കാറുകളിൽ ഉപയോഗിച്ച് കഴിഞ്ഞ ഇലക്ട്രിക് വാഹന ബാറ്ററികൾ പുനരുപയോഗപ്രദമാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി കാനഡയിലെ മെട്രോ വാൻകൂവറിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ ക്ലീൻ-ടെക് കമ്പനിയായ 'മെമെൻ്റ് എനർജി' ആണ് 'മെഗാഫാക്ടറി 1' എന്ന് പേരിട്ടിരിക്കുന്ന ഈ വൻകിട പ്ലാൻ്റ് സറേയിൽ സ്ഥാപിച്ചത്.
കാലാവധി കഴിഞ്ഞ ഇവി ബാറ്ററികളെ ഡാറ്റാ സെൻ്ററുകൾ, ആശുപത്രികൾ, ഫാക്ടറികൾ തുടങ്ങിയവയ്ക്ക് ആവശ്യമായ ഊർജ്ജ സംഭരണ സംവിധാനങ്ങളാക്കി മാറ്റുകയാണ് ഈ ഫാക്ടറിയുടെ പ്രധാന ജോലി. പ്രഖ്യാപനം കഴിഞ്ഞ് വെറും ആറാഴ്ച കൊണ്ടാണ് ഈ ഫാക്ടറി പ്രവർത്തനസജ്ജമായതെന്ന് കമ്പനി സി.ഇ.ഒ എഡ്വേർഡ് ചിയാങ് അറിയിച്ചു.
2019-ൽ എസ്.എഫ്.യു സർവ്വകലാശാലയിലെ നാല് എഞ്ചിനീയറിംഗ് ബിരുദധാരികൾ ചേർന്ന് ഒരു വീടിൻ്റെ ഗാരേജിലാണ് ഈ കമ്പനിക്ക് തുടക്കമിട്ടത്. ഇന്ന് നിസ്സാൻ, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളുമായി ഇവർക്ക് പങ്കാളിത്തമുണ്ട്. 2030-ഓടെ ഒരു ജിഗാവാട്ട് അവർ ഊർജ്ജ സംഭരണ ശേഷിയുള്ള സിസ്റ്റങ്ങൾ നിർമ്മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഈ പദ്ധതിയിലൂടെ പ്രവിശ്യയിൽ നൂറിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളും, ആയിരത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കാനഡയിൽ പരിസ്ഥിതി സൗഹൃദവും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതുമായ പ്രോജക്ടുകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിർമ്മാണ മേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കാനുള്ള പദ്ധതികളും വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.