കാനഡാ ദിനത്തിന് മുന്നോടിയായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂടും പ്രളയവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. കാനഡയുടെ മധ്യമേഖലകളിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുമ്പോൾ, പടിഞ്ഞാറൻ പ്രവിശ്യകൾ വെള്ളപ്പൊക്കത്തിൻ്റെ പിടിയിലാണ്.
ഒൻ്റാരിയോയിലും, ക്യൂബെക്കിലും പല പ്രദേശങ്ങളിലും കടുത്ത ചൂടിനെത്തുടർന്ന് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ താപനില 34°C മുതൽ 37°C വരെ ഉയർന്നേക്കാനിടയുണ്ട്. ടൊറൻ്റോയിൽ ചൂട് പ്രതിരോധിക്കാൻ പാർക്കുകളിൽ കുടിവെള്ള സ്റ്റേഷനുകൾ സ്ഥാപിക്കുകയും നീന്തൽക്കുളങ്ങളുടെ പ്രവർത്തന സമയം നീട്ടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയോടെ ചൂടിന് അല്പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആൽബെർട്ടയിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. റോഡുകൾ അടച്ചതിനാൽ കനനാസ്കിസ് വിനോദസഞ്ചാര മേഖലയിൽ ആയിരത്തോളം ക്യാമ്പർമാർ കുടുങ്ങിക്കിടക്കുകയാണ്. കൂടാതെ, കാട്ടുതീയുടെ പുക പടർന്നതിനെത്തുടർന്ന് കാൽഗറി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വായുനിലവാര മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സസ്കാച്ചെവനിലും, മാനിറ്റോബയിലും വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും തടാകങ്ങളിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയിലെ മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ് സംസ്ഥാനങ്ങളും കടുത്ത ചൂടിലാണ്. ഹീറ്റ് ഇൻഡക്സ് പലയിടങ്ങളിലും 37.8°C കടന്നു. ഡെട്രോയിറ്റിൽ താപനില 38°C വരെ ഉയർന്നേക്കാം. ജനങ്ങൾക്ക് തണുപ്പ് തേടാനായി പ്രത്യേക കൂളിംഗ് സെൻ്ററുകൾ തുറന്നിട്ടുണ്ട്. ഫിലാഡൽഫിയയിൽ താപനില ഉയർന്നതിനെത്തുടർന്ന് ഹീറ്റ് എമർജൻസി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ജൂലൈ 4 ആഘോഷങ്ങളെയും പരേഡുകളെയും ഈ കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. യൂറോപ്പിലും ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഫ്രാൻസിൽ കടുത്ത ചൂട് കാരണം കഴിഞ്ഞ ആഴ്ച മാത്രം ഒട്ടേറെപേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡം യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.