ഡാളസ് വാട്ടര്‍ ബില്ലിംഗ് സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ക്രമക്കേടും ജനദ്രോഹ നടപടിയും നടക്കുന്നതായി റിപ്പോര്‍ട്ട്

By: 600002 On: Jul 1, 2026, 11:09 AM


 

പി പി ചെറിയാന്‍

ഡാളസ്: ഡാളസ് നഗരത്തിലെ പുതിയ വാട്ടര്‍ ബില്‍ പേയ്മെന്റ് സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ക്രമക്കേടും ജനദ്രോഹ നടപടിയും നടക്കുന്നതായി റിപ്പോര്‍ട്ട്. 'ദി ഡാളസ് മോണിംഗ് ന്യൂസ്' പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഡാളസ് വാട്ടര്‍ യൂട്ടിലിറ്റീസ് മുന്‍പ് പേയ്മെന്റ് പ്രോസസിംഗിനായി 750,000 ഡോളര്‍ (ഏഴര ലക്ഷം ഡോളര്‍) മാത്രമാണ് ചിലവഴിച്ചിരുന്നതെങ്കില്‍, പുതിയ സോഫ്റ്റ്വെയര്‍ വന്നതോടെ ഇത് 7 മില്യണ്‍ ഡോളര്‍ (70 ലക്ഷം ഡോളര്‍) ആയി കുതിച്ചുയര്‍ന്നു. അതായത് ചിലവില്‍ ഏകദേശം 700 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വന്‍ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സിറ്റി കൗണ്‍സില്‍ നീക്കം. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാട് ഫീസുകള്‍ ഉള്‍പ്പെടെയുള്ള തുക ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കാന്‍ (Recover) കഴിഞ്ഞ വര്‍ഷം സിറ്റി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ബാങ്ക് ഡ്രാഫ്റ്റ് വഴി ബില്ലടയ്ക്കുന്നവര്‍ക്ക് ഇപ്പോള്‍ 3 ശതമാനത്തിലധികം 'കണ്‍വീനിയന്‍സ് ഫീ' ചുമത്തുന്നുണ്ട്.

നഗരസഭയുടെ വീഴ്ച മൂലം ഉണ്ടായ ഭീമമായ തുക ജനങ്ങളില്‍ നിന്ന് പിടിച്ചുപറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ സോഫ്റ്റ്വെയര്‍ അടിയന്തിരമായി റദ്ദാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സ്വന്തം കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം സിറ്റി ഹാള്‍ പൊളിച്ചുമാറ്റി വാടകക്കാരാകാന്‍ നോക്കുന്ന കൗണ്‍സില്‍ ഭൂരിപക്ഷത്തിന്റെ മറ്റൊരു ജനവിരുദ്ധ തീരുമാനമാണിതെന്ന് നികുതിദായകര്‍ ആരോപിക്കുന്നു.