കല്ലറയിലായിരുന്നവര്‍ സുവിശേഷങ്ങളുടെ കലവറയാകണം': ഇന്റര്‍നാഷണല്‍ പ്രാര്‍ത്ഥനാലൈന്‍ യോഗത്തില്‍ റവ. റോബിന്‍ വര്‍ഗീസ്

By: 600002 On: Jul 1, 2026, 11:03 AM


 

പി. പി. ചെറിയാന്‍

ഡാളസ്: ആധുനിക മനുഷ്യന്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കും ഭയങ്ങള്‍ക്കും ഏക പരിഹാരം ദൈവവിശ്വാസവും പ്രാര്‍ത്ഥനയുമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് പ്രവാസി മലയാളി ക്രൈസ്തവരുടെ ആഗോള കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രാര്‍ത്ഥനാലൈന്റെ (IPL) 633ാമത് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ യോഗം ജൂണ്‍ 30 ചൊവ്വാഴ്ച വിജയകരമായി നടന്നു. 

അമേരിക്കന്‍ സമയം രാത്രി 9:00 മണിക്ക് ആരംഭിച്ച യോഗത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളാണ് ഫോണ്‍ ലൈന്‍ വഴി പങ്കെടുത്തത്. 'ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തെ ആസ്പദമാക്കി ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. റോബിന്‍ വര്‍ഗീസ് മുഖ്യ ദൈവവചന സന്ദേശം നല്‍കി.

ബൈബിളിലെ മര്‍ക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 1 മുതല്‍ 20 വരെയുള്ള വാക്യങ്ങളിലെ 'ഭൂതഗ്രസ്തന്റെ സൗഖ്യമാക്കല്‍' എന്ന സംഭവം ആസ്പദമാക്കിയായിരുന്നു മുഖ്യപ്രഭാഷണം. സമകാലിക ജീവിത സാഹചര്യങ്ങളെ വിശ്വാസവുമായി കോര്‍ത്തിണക്കി റവ. റോബിന്‍ വര്‍ഗീസ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.

ഭയത്തിന്റെയും ഒറ്റപ്പെടലിന്റെയും കല്ലറകളില്‍ നിന്ന് മാറി മനുഷ്യന്‍ ദൈവവചനത്തിന്റെ സുവിശേഷ കലവറയാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദുരന്തങ്ങളും രോഗങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തില്‍ ദൈവകരുണയിലാണ് ആശ്രയിക്കേണ്ടതെന്നും, കേവല ആവശ്യങ്ങള്‍ക്കപ്പുറം ദൈവത്തോട് കൂടെയായിരിക്കാനുള്ള ആഗ്രഹമാകണം പ്രാര്‍ത്ഥനയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ആവശ്യങ്ങള്‍ സമര്‍പ്പിക്കല്‍, കരുണയ്ക്കായുള്ള അപേക്ഷ, ദൈവത്തോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം എന്നീ പ്രാര്‍ത്ഥനയുടെ മൂന്ന് തലങ്ങളെക്കുറിച്ചും, കുടുംബങ്ങളില്‍ ദൈവസാന്നിധ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

ഡെട്രോയിറ്റില്‍ നിന്നുള്ള ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവല്‍ ആമുഖ പ്രസംഗം നടത്തുകയും യോഗത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഡാളസില്‍ നിന്നുള്ള ചെറിയാന്‍ വര്‍ക്കിയുടെ ആരംഭ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. മിസിസ് സാറാമ്മ വര്‍ക്കി (കുഞ്ഞുമോള്‍, ഡാളസ്) വേദഭാഗം വായിച്ചു. 

മുഖ്യസന്ദേശത്തിന് ശേഷം നടന്ന മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് മിസ്റ്റര്‍ ജോണ്‍ മാത്യു (അമ്പോറ്റി, ഡാളസ്) നേതൃത്വം നല്‍കി. ലോക സമാധാനത്തിനും രോഗാതുരര്‍ക്കും ക്ലേശമനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ യോഗത്തില്‍ ഉയര്‍ന്നു.

ഹൂസ്റ്റണില്‍ നിന്നുള്ള ഷിജു ജോര്‍ജ്, ജോസഫ് ടി. ജോര്‍ജ് (രാജു) എന്നിവര്‍ പ്രാര്‍ത്ഥനാലൈന്റെ സാങ്കേതിക സഹായങ്ങള്‍ കൈകാര്യം ചെയ്തു. ഹൂസ്റ്റണില്‍ നിന്നുള്ള  ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ ടി. എ. മാത്യു യോഗത്തില്‍ പങ്കെടുത്തവര്‍ക്കും ക്രമീകരണങ്ങള്‍ ചെയ്തവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ പങ്കുവെക്കുകയും ചെയ്തു. സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി ഈ ആഴ്ചയിലെ സമ്മേളനം പരിസമാപ്തിയിലെത്തി.

പ്രാര്‍ത്ഥനാലൈന്റെ അടുത്ത ആഴ്ചയിലെ (ജൂലൈ 7, 2026) 634ാമത് സെഷനില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള പ്രമുഖ പ്രഭാഷകന്‍ പ്രൊഫ. കോശി തലക്കല്‍ മുഖ്യസന്ദേശം നല്‍കും. പ്രാര്‍ത്ഥനാ ലൈനിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.