ഗൗതം അദാനിക്കെതിരായ കേസ് പിന്‍വലിച്ചതില്‍ വിശദീകരണം തേടി യുഎസ് കോടതി

By: 600002 On: Jul 1, 2026, 9:35 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് യുഎസ് ഫെഡറല്‍ കോടതിയുടെ താല്‍ക്കാലിക വിലക്ക്. അദാനിക്കെതിരായ കുറ്റപത്രങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനത്തിന് കൃത്യമായ കാരണം വ്യക്തമാക്കാന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന് ബ്രൂക്ലിന്‍ ഫെഡറല്‍ ജഡ്ജി നിക്കോളാസ് ഗരാഫിസ് ഉത്തരവ് നല്‍കി.  

സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രാഥമിക വിശദീകരണം അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ ജഡ്ജി, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രൊസിക്യൂട്ടര്‍മാര്‍ക്ക് ജൂലൈ 13 വരെ സമയം അനുവദിച്ചു.

ഇന്ത്യയില്‍ സോളാര്‍ പ്ലാന്റ് കരാറുകള്‍ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്നും, യുഎസ് നിക്ഷേപകരെ വഞ്ചിച്ചെന്നും ആരോപിച്ച് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്താണ് അദാനിക്കും അനന്തരവനുമെതിരെ യുഎസില്‍ കേസെടുത്തത്. എന്നാല്‍ ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കഴിഞ്ഞ മേയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

അദാനി ടെക്‌സസില്‍ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചതിനും, ട്രംപുമായി ബന്ധമുള്ള അഭിഭാഷകരെ കേസ് ഏല്‍പ്പിച്ചതിനും പിന്നാലെയാണ് കേസ് പിന്‍വലിക്കാനുള്ള നീക്കമുണ്ടായതെന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.