ടെക്‌സാസിലെ മക്കിനിയില്‍ നിന്ന് ആദ്യ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍; അഞ്ച് നഗരങ്ങളിലേക്ക് സര്‍വീസ്

By: 600002 On: Jul 1, 2026, 9:28 AM



 

പ്രസാദ് തീയാടിക്കല്‍

മക്കിനി (ടെക്‌സാസ്): ടെക്‌സാസിലെ മക്കിനി നാഷണല്‍ എയര്‍പോര്‍ട്ടില്‍ (McKinney National Airport) നിന്ന് ആദ്യമായി വാണിജ്യ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതായി അവേലോ എയര്‍ലൈന്‍സ് (Avelo Airlines) പ്രഖ്യാപിച്ചു. ഇതോടെ കോളിന്‍ കൗണ്ടിയുടെ ചരിത്രത്തിലെ ആദ്യ സ്ഥിരം കൊമേഴ്‌സ്യല്‍ വിമാനസര്‍വീസിന് തുടക്കമാകും.

ആദ്യഘട്ടത്തില്‍ അഞ്ച് നോണ്‍സ്റ്റോപ്പ് ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. നെവാഡയിലെ ലാസ് വെഗാസിനും (Las Vegas) ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയില്‍ (Fort Lauderdale), ഫോര്‍ട്ട് മയേഴ്‌സ് (Fort Myers), ഓര്‍ലാന്‍ഡോ (Orlando), ടാംപ (Tampa) എന്നീ നാല് നഗരങ്ങളിലേക്കുമാണ് നേരിട്ടുള്ള സര്‍വീസുകള്‍.

ചില റൂട്ടുകളില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളും, കൂടുതല്‍ ആവശ്യക്കാര്‍ പ്രതീക്ഷിക്കുന്ന റൂട്ടുകളില്‍ ആഴ്ചയില്‍ അഞ്ച് സര്‍വീസുകളും ഉണ്ടായിരിക്കും. പുതിയ യാത്രാ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടൊപ്പം നവംബര്‍ 11 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

184 സീറ്റുകളുള്ള ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിനായി വിന്യസിക്കുന്നത്. പുതിയ സര്‍വീസിലൂടെ നൂറിലധികം പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.