പ്രസാദ് തീയാടിക്കല്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മാവകാശ പൗരത്വം (Birthright Citizenship) പരിമിതപ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് അമേരിക്കന്‍ സുപ്രീം കോടതി തള്ളി. 63 ഭൂരിപക്ഷ വിധിയിലൂടെ ഭരണഘടനയുടെ 14-ാം ഭേദഗതി ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വം കോടതി വീണ്ടും ശരിവച്ചു.
അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും അമേരിക്കന്‍ പൗരത്വം ലഭിക്കുമെന്ന ദീര്‍ഘകാല ഭരണഘടനാ വ്യവസ്ഥ തുടരുന്നതാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റക്കാരുടെയോ താല്‍ക്കാലിക വിസയിലുള്ളവരുടെയോ കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.
ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയും 1898-ലെ ചരിത്രപ്രധാനമായ സുപ്രീം കോടതി വിധിയും വീണ്ടും ശക്തമായി സ്ഥിരീകരിച്ചിരിക്കുകയാണ് കോടതി.