പ്രസാദ് തീയാടിക്കല്‍
കാലിഫോര്‍ണിയ: സിമി വാലിയില്‍ ടെസ്ല കാര്‍ നിയന്ത്രണം വിട്ട് ഒരു കഫേയുടെ ഔട്ട്ഡോര്‍ ഡൈനിംഗ് ഏരിയയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 79-കാരിയായ ഒരു സ്ത്രീ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 2:30-ഓടെയാണ് അപകടം നടന്നത്. വെള്ള നിറത്തിലുള്ള ടെസ്ല വാഹനം Urbane Cafeയുടെ പുറത്തുള്ള ഇരിപ്പിട ഭാഗത്തേക്ക് അതിവേഗത്തില്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തില്‍ മരിച്ച സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ച് പേരില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചിരുന്ന സ്ത്രീയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സിമി വാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മദ്യപാനമോ മയക്കുമരുന്ന് ഉപയോഗമോ, മനപ്പൂര്‍വമായ ആക്രമണമോ അപകടത്തിന് കാരണമായതായി തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.