നൃത്തവേദിയില്‍ വിസ്മയമായി നന്ദിത ശരത്തിന്റെ ഭരതനാട്യം അരങ്ങേറ്റം 

By: 600002 On: Jul 1, 2026, 9:05 AM



 

സണ്ണി മാളിയേക്കല്‍, ഡാളസ്, ടെക്‌സസ്.

ഡാളസ്, ടെക്‌സസ്: കലയിലും കായികരംഗത്തും മികവ് തെളിയിച്ച നന്ദിത ശരത്തിന്റെ അരങ്ങേറ്റം അതിമനോഹരമായി,  ലൂയിസ് വില്‍ ഗ്രാന്‍ഡ് തീയേറ്ററില്‍ പ്രൗഢഗംഭീരമായ സദസ്സിന് മുമ്പില്‍ അരങ്ങേറി.  

അഞ്ചാം വയസ്സില്‍ ശ്രീമതി ശ്രീ ലക്ഷ്മണന്റെ കീഴില്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ നന്ദിത, കഴിഞ്ഞ 11 വര്‍ഷമായി ശ്രീമതി മിനി ശ്യാമിന്റെ കീഴിലാണ് നൃത്തപഠനം തുടരുന്നത്. 'ശ്രീ സ്‌കൂള്‍ ഓഫ് ഡാന്‍സി'ലൂടെ നോര്‍ത്ത് ടെക്‌സാസിലെ വിവിധ സാംസ്‌കാരിക സംഘടനകള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയേകി വര്‍ഷം തോറും നടക്കാറുള്ള നൃത്തോത്സവങ്ങളില്‍ നന്ദിത സജീവമായി പങ്കെടുക്കാറുണ്ട്.

ഭരതനാട്യം തന്റെ മതപരമായ പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്‍കാനും ആത്മീയബോധം വളര്‍ത്താനും സഹായിച്ചതായി നന്ദിത പറയുന്നു. നൃത്തത്തിന് പുറമെ, പ്രൈമറി സ്‌കൂള്‍ കാലഘട്ടം മുതല്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ പരിശീലനം നേടുന്ന നന്ദിത നിരവധി ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒരു മികച്ച കായികതാരം കൂടിയാണ്. കൂടാതെ പ്രഗത്ഭയായ ഒരു ഡ്രമ്മറും പരിസ്ഥിതി പ്രവര്‍ത്തകയുമാണ്. 

2024 മുതല്‍ 'കീപ്പ് ടെക്‌സാസ് ബ്യൂട്ടിഫുള്‍' (Keep Texas Beautiful) അംബാസഡറായി സേവനമനുഷ്ഠിക്കുന്ന നന്ദിത, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

പ്ലാനോ ഈസ്റ്റ് സീനിയര്‍ ഹൈസ്‌കൂളില്‍ (Plano East Senior High School) നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ (Summa Cum Laude) ഉന്നതവിജയം കരസ്ഥമാക്കിയ നന്ദിത, കെമിക്കല്‍ എഞ്ചിനീയറിംഗ് ഉപരിപഠനത്തിനായി ഓസ്റ്റിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലേക്ക് (The University of Texas at Austin) പ്രവേശനം നേടിയിരിക്കുകയാണ്. ശരത് ,ഗാഥ ദമ്പതികളുടെ മകളാണ് നന്ദിത ശരത്.