കാനഡയിലെ എഡ്മൻ്റൺ നഗരത്തിൽ ദീപാവലി പോലുള്ള ആഘോഷങ്ങൾക്ക് നിയമവിരുദ്ധമായി പടക്കം പൊട്ടിക്കുന്നത് തടയാൻ നഗരസഭയുടെ നേതൃത്വത്തിൽ പൊതുവായ കരിമരുന്ന് പ്രയോഗം നടത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നു. എഡ്മൻ്റൺ സിറ്റി ഹാളിൽ തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ ബൈലാ റിപ്പോർട്ട് ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളോടെ കൗൺസിലിൻ്റെ പരിഗണനയ്ക്ക് വരും.
കഴിഞ്ഞ വർഷം ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഒരു വീടിന് തീപിടിക്കുകയും മൂന്ന് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നഗരത്തിൽ പടക്കം പൊട്ടിക്കുന്നതിന് 2019 മുതൽ കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ ഇത്തരം നിരോധനങ്ങൾ പ്രായോഗികമല്ലെന്നും, കടുത്ത നിയന്ത്രണങ്ങൾ കാരണം ലൈസൻസുള്ള വ്യാപാരികൾക്ക് പോലും അനുമതി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും പടക്കക്കട ഉടമയായ ജോൺ അഡ്രിയ പറഞ്ഞു. നിരോധനം ഉള്ളപ്പോഴും ആളുകൾ നിയമവിരുദ്ധമായി പടക്കം പൊട്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീപാവലി ആഘോഷിക്കാൻ സിറ്റി ഹാളിൻ്റെ നേതൃത്വത്തിൽ കേന്ദ്രീകൃതമായ ഒരു വലിയ കരിമരുന്ന് പ്രയോഗം നടത്തുകയും, സൌത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയുമായി സഹകരിച്ച് പ്രാദേശികമായി ചെറിയ അനുമതിയോടെയുള്ള പടക്കംപൊട്ടിക്കൽ ചടങ്ങുകൾ സംഘടിപ്പിക്കുക എന്നിവയാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭയുടെ ഈ നീക്കത്തെ സൗത്ത് ഏഷ്യൻ സമൂഹം സ്വാഗതം ചെയ്തു. എന്നാൽ സിറ്റി ഹാളിൽ മാത്രം നടത്തുന്നതിന് പകരം, കൂടുതൽ പ്രവാസികൾ താമസിക്കുന്ന എഡ്മൻ്റണിൻ്റെ തെക്കുകിഴക്കൻ മേഖലകളിൽ ഇത്തരം പൊതു ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് കമ്മ്യൂണിറ്റി പ്രതിനിധിയായ ഷമീന്ദർ പർമർ ആവശ്യപ്പെട്ടു. ആളുകൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന (ട്രാൻസിറ്റ് സൗകര്യങ്ങളുള്ള) ഇടങ്ങളുണ്ടെങ്കിൽ നിയമവിരുദ്ധമായി പടക്കം പൊട്ടിക്കുന്നത് വലിയ രീതിയിൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു.