കാനഡയുടെ പടിഞ്ഞാറൻ തീരത്തേക്ക് പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ എത്തിക്കാൻ ശേഷിയുള്ള പുതിയ പൈപ്പ്‌ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന പ്രഖ്യാപനമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കാനഡ ദിനമായ ജൂലൈ ഒന്നിന് പദ്ധതിയുടെ അന്തിമരൂപം ഫെഡറൽ സർക്കാരിന് സമർപ്പിക്കാനായിരുന്നു ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും സർക്കാരും ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം പൊതു അവധിയായതിനാലാണ് മാറ്റിവെച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പദ്ധതിക്ക് അനുമതി ലഭിച്ചാൽ 2027 സെപ്റ്റംബറോടെ നിർമ്മാണം ആരംഭിച്ച് 2030-കളുടെ മധ്യത്തോടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യം. ആൽബർട്ടയുമായുള്ള ചർച്ചകൾ നന്നായി പുരോഗമിക്കുന്നുണ്ടെന്ന് ഫെഡറൽ ഊർജ്ജ മന്ത്രി ടിം ഹോഡ്‌സൺ പറഞ്ഞു. എന്നാൽ, ഈ പൈപ്പ്‌ലൈൻ പദ്ധതിയും കാർബൺ സംഭരണ പദ്ധതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൈപ്പ്‌ലൈൻ കടന്നുപോകുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും ഇതിനെതിരെ ശക്തമായ എതിർപ്പിന് സാധ്യതയുണ്ട്. വടക്കൻ തീരങ്ങളിലെ എണ്ണക്കപ്പൽ നിരോധനം കേന്ദ്ര സർക്കാർ നീക്കിയാൽ മാത്രമേ ഈ പദ്ധതി സാധ്യമാകൂ.
കാനഡയിലെ വൻകിട എണ്ണക്കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കണമെങ്കിൽ നിലവിലെ ഉയർന്ന കാർബൺ നികുതികളിൽ ഇളവ് ലഭിക്കേണ്ടതുണ്ട്. കാനഡയിൽ തുടരണമോ അതോ വേർപിരിയണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഒക്ടോബറിൽ ആൽബർട്ടയിൽ ജനഹിതപരിശോധന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്പനികൾ വൻ നിക്ഷേപങ്ങൾക്ക് മുതിരുമോ എന്നത് നിർണ്ണായകമാണ്. ഫെഡറൽ സർക്കാരുമായുള്ള ഈ ചർച്ചകൾ പരാജയപ്പെട്ടാൽ അത് ആൽബർട്ടയിലെ വിഘടനവാദ ചിന്തകൾക്ക് കൂടുതൽ ശക്തി പകരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.