മെക്സിക്കോയിലെ പ്രമുഖ റിസോർട്ടിൽ മുതലയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

By: 600110 On: Jun 30, 2026, 1:32 PM

 

മെക്സിക്കോയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലാർട്ടയിലെ മാരിയറ്റ് റിസോർട്ടിന് സമീപമുള്ള മരീന വല്ലാർട്ട ബീച്ചിൽ യുവാവിനെ മുതല ആക്രമിച്ചു കൊലപ്പെടുത്തി. ജോലിയുടെ ഭാഗമായി പ്യൂർട്ടോ വല്ലാർട്ടയിൽ എത്തിയ 28 വയസ്സുള്ള മെക്സിക്കൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം കടലിൽ നീന്താനിറങ്ങിയ യുവാവിനെ  മുതല ആക്രമിക്കുകയും കടലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാവിലെ തീരത്തുനിന്നും 300 മീറ്റർ അകലെ നിന്നാണ് യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തത്.  

ഹോട്ടൽ പൂളിലുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികൾ  കടൽത്തീരത്തുനിന്നും ഭീതിജനകമായ നിലവിളി കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. യുവാവ് ശക്തമായ ഒഴുക്കിൽപ്പെട്ടതാണെന്ന് കരുതി രക്ഷിക്കാൻ ശ്രമിച്ച ഇവർ, പിന്നീടാണ് മുതലയുടെ പിടിയിലാണെന്ന് തിരിച്ചറിഞ്ഞത്.  ഇവരിലൊരാൾ യുവാവിനെ രക്ഷിക്കാൻ കടലിലേക്ക് ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

യുവാവിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വെള്ളം വളരെ കലങ്ങിമറിഞ്ഞ അവസ്ഥയിലായിരുന്നതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് ഇവർ പറഞ്ഞു. റിസോർട്ട് പരിസരത്ത് മുതലകളെക്കുറിച്ചുള്ള കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകാത്തതിനെതിരെ വിനോദസഞ്ചാരികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.