അപകടകരമായ സോഷ്യൽ മീഡിയ അൽഗോരിതങ്ങൾക്കെതിരെ കാനഡയിൽ ശക്തമായ നിയമനിർമ്മാണത്തിന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടിയുടെ അമ്മ

By: 600110 On: Jun 30, 2026, 1:22 PM

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ദോഷകരമായ ദൃശ്യങ്ങൾ തുടർച്ചയായി പ്രചരിപ്പിച്ചതിനെത്തുടർന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ  13 വയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. സ്വയം ഉപദ്രവിക്കൽ, ആത്മഹത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന ശക്തമായ അൽഗോരിതങ്ങളെ പ്രതിരോധിക്കാൻ മാതാപിതാക്കളുടെ മേൽനോട്ടം മാത്രം മതിയാകില്ലെന്ന് മരിച്ച മാഡി ക്രോസ്‌വെല്ലിൻ്റെ അമ്മ ചെൽസി വിറ്റിംഗ്ഹാം  വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് മാഡി മരണപ്പെട്ടത്.  ഭരണകൂടം കൊണ്ടുവരുന്ന പുതിയ സോഷ്യൽ മീഡിയ ബില്ലിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം, പ്രായപരിശോധനയിലും പ്ലാറ്റ്‌ഫോമുകളുടെ മേൽനോട്ടത്തിലും കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് കൊളംബിയ അറ്റോർണി ജനറൽ നികി ശർമ്മ, സോഷ്യൽ മീഡിയ പ്രായപരിധി നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കുള്ള പിഴ തുക വലിയ തോതിൽ വർദ്ധിപ്പിച്ച ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നടപടിയെ പ്രശംസിച്ചു. ലാഭേച്ഛയോടെ മാത്രം പ്രവർത്തിക്കുന്ന വൻകിട കമ്പനികളുടെ ശ്രദ്ധ തിരിക്കാൻ ഇത്തരം കടുത്ത പിഴകൾക്ക് സാധിക്കുമെന്നും പാർലമെൻ്റിൽ പുതിയ നിയമങ്ങൾ പാസാകുന്നത് വരെ കാനഡയിലെ കുട്ടികളുടെ സുരക്ഷ വൈകിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളെ ഓൺലൈനിൽ കൂടുതൽ സമയം നിലനിർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പ്ലാറ്റ്‌ഫോമുകളെന്നും, അതിനാൽ ഡാറ്റാ ശേഖരണവും ഇത്തരം അൽഗോരിതങ്ങളും എങ്ങനെ നിർവീര്യമാക്കാമെന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ വിദ്യാഭ്യാസം നൽകേണ്ടതുണ്ടെന്നും ചെൽസി ഓർമ്മിപ്പിച്ചു.

ലാഭത്തേക്കാൾ കൂടുതൽ മനുഷ്യജീവനുകൾക്ക് മുൻഗണന നൽകാൻ  കമ്പനികൾ തയ്യാറാകണമെന്നും, കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകളും അധ്യാപകരും ആരോഗ്യ പ്രവർത്തകരും സംയുക്തമായി പ്രവർത്തിക്കണമെന്നും വാർത്താ സമ്മേളനത്തിൽ ആവശ്യമുയർന്നു. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കാനഡയിൽ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.