എഡ്‌മൻ്റണിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയെത്തുടർന്ന് പ്രളയവും റോഡുകൾ തകരുകയും ചെയ്തതോടെ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ ജൂൺ മാസത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു; 255 മില്ലിമീറ്ററിലധികം മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. ഷെർവുഡ് പാർക്കിന് കിഴക്കുള്ള ടൗൺഷിപ്പ് റോഡ് 534 പൂർണ്ണമായും ഒലിച്ചുപോയതായി ഡ്രോൺ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സ്ട്രാത്കോണ കൗണ്ടിയിൽ മാത്രം ഇരുപതിലധികം റോഡുകളാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ ആൻ്റ് പ്ലാനിംഗ് സർവീസസ് ഡെപ്യൂട്ടി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെവിൻ കോൾ അറിയിച്ചു. ഷെർവുഡ് പാർക്കിലെ ജൂബിലി ലാൻഡിംഗ് എന്ന ട്രെയിലർ പാർക്കിൽ വെള്ളം കയറിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. തങ്ങളുടെ ഗാരേജുകളിൽ നിന്നും മറ്റും വെള്ളം പമ്പ് ചെയ്ത് കളയേണ്ട അവസ്ഥയിലാണ് ഇവിടുത്തെ താമസക്കാർ.
എന്നാൽ ഈ പ്രദേശങ്ങൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും സ്വന്തം നിലയിലാണ് ഇവരുടെ ജല-മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്നും കൗണ്ടി അധികൃതർ വ്യക്തമാക്കി. അതേസമയം, വെള്ളപ്പൊക്കം തടയുന്നതിനായി മുൻകൂട്ടി സ്ഥിരം പമ്പുകൾ സ്ഥാപിക്കുന്നതിൽ കൗണ്ടി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. എഡ്‌മൻ്റണിൽ നിന്നും ഒരു മണിക്കൂർ കിഴക്കുള്ള ബീവർ കൗണ്ടിയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, ടോഫീൽഡ്, റൈലി, ഹോൾഡൻ, വൈക്കിംഗ് തുടങ്ങിയ മുനിസിപ്പാലിറ്റികളിലെ ജനങ്ങളോട് വെള്ളം കരുതലോടെ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത വെള്ളപ്പാച്ചിലിൽ നോർത്ത് സസ്കാച്ചെവൻ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന് ബോട്ട് സർവീസുകൾ പൂർണ്ണമായി നിരോധിച്ചു. നദീതീരങ്ങളിൽ മണ്ണൊലിപ്പ് ശക്തമായതിനാൽ ആളുകളും വളർത്തുമൃഗങ്ങളും നദിയിൽ നിന്നും കനാൽ പരിസരങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന് സിറ്റി ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി കാനഡ ഡേ ആഘോഷങ്ങളുടെ ഭാഗമായുള്ള ഫയർ വർക്ക്സ് നദീതീരങ്ങളിൽ നിന്ന് കാണുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.