പി പി ചെറിയാന്‍
ജാക്‌സണ്‍വില്ലെ (ടെക്‌സസ്): അഞ്ച് വയസ്സുകാരനായ കസിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കി പതിനഞ്ചുകാരന്‍. കിഴക്കന്‍ ടെക്‌സസിലെ ജാക്‌സണ്‍വില്ലെ തടാകത്തില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ ഈ ദരുണ സംഭവം നടന്നത്. റസ്‌ക് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയും ഫുട്‌ബോള്‍ താരവുമായ റിലിന്‍ മയേഴ്‌സ് ആണ് മരണപ്പെട്ടത്.
തടാകത്തിലെ ക്യാമ്പ് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ, റിലിന്റെ 5 വയസ്സുകാരനായ കസിന്‍ ഇന്‍ഫ്‌ലേറ്റബിള്‍ ഫ്‌ലോട്ട് ഉപയോഗിച്ച് തടാകത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് റിലിന്‍ സഹായത്തിനായി 911-ല്‍ വിളിച്ച് വിവരമറിയിച്ചിരുന്നു.
തുടര്‍ന്ന് തടാകത്തിലേക്ക് ചാടിയ റിലിന്‍ കുട്ടിയെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. എന്നാല്‍ ഇതിനിടയില്‍ ഒഴുക്കില്‍പ്പെട്ട റിലിന്‍ സഹായത്തിനായി നിലവിളിച്ചുകൊണ്ട് വെള്ളത്തിനടിയിലേക്ക് താണുപോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു ബോട്ട് യാത്രക്കാരന്‍ റിലിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓട്ടിസം ബാധിതനായ തന്റെ കുഞ്ഞു കസിനെ രക്ഷിക്കാനാണ് റിലിന്‍ ജീവന്‍ വെടിഞ്ഞതെന്ന് കുട്ടിയുടെ മുത്തശ്ശന്‍ പറഞ്ഞു. സ്‌കൂളില്‍ എപ്പോഴും ദുര്‍ബലരായ കുട്ടികള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന റിലിന്‍ യഥാര്‍ത്ഥ നായകനായിട്ടാണ് മടങ്ങിയതെന്ന് അധ്യാപകരും സഹപാഠികളും അനുസ്മരിച്ചു.