വവ്വാലുകളിൽ നിന്ന് പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ

By: 600110 On: Jun 30, 2026, 9:04 AM

 


വവ്വാലുകളിൽ നിന്ന് പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രണ്ട് വർഷം മുൻപ് 11 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ച സംഭവവുമായി  കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ (CMAJ) പ്രസിദ്ധീകരിച്ച,  മെഡിക്കൽ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വിദഗ്ദ്ധർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

വവ്വാലുകളുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. ഒൻ്റാരിയോയിലെ ഒരു കോട്ടേജിൽ താമസിക്കുകയായിരുന്ന 11 വയസ്സുകാരൻ ഉറക്കത്തിൽ തൻ്റെ മുഖത്ത് ഒരു വവ്വാൽ വന്നിരുന്നതിനെത്തുടർന്ന് ഉണരുകയായിരുന്നു. കുട്ടി അതിനെ തട്ടിമാറ്റുകയും അച്ഛൻ ആ വവ്വാലിനെ പുറത്തു കളയുകയും ചെയ്തു. കുട്ടിയുടെ മുഖത്ത് കടിയേറ്റതോ പോറലേറ്റതോ ആയ അടയാളങ്ങൾ ഒന്നും തന്നെ മാതാപിതാക്കൾ കണ്ടിരുന്നില്ല. വവ്വാൽ അസ്വാഭാവികമായി പെരുമാറിയതായും തോന്നിയില്ല. അതിനാൽ അവർ കുട്ടിയെ ഡോക്ടറെ കാണിച്ചതുമില്ല.

മൂന്ന് ആഴ്ചകൾക്ക് ശേഷം കുട്ടിയുടെ മുഖത്ത് തരിപ്പും നീരും അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് നാഡീസംബന്ധമായ ആരോഗ്യനില വഷളാവുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. കാനഡയിൽ 1967-ന് ശേഷം ഒൻ്റാരിയോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ പേവിഷബാധ കേസാണിത്. കാട്ടുപൂച്ചകൾ, കുറുക്കന്മാർ എന്നിവയിലൂടെയും പേവിഷബാധ വരാമെങ്കിലും കാനഡയിൽ വവ്വാലുകളാണ് പ്രധാന വില്ലൻ. വവ്വാലുകളുടെ പല്ലുകൾ വളരെ ചെറുതായതിനാൽ അവ കടിച്ചാൽ പലപ്പോഴും ആളുകൾ അറിയാറില്ല. കടിയേറ്റില്ലെങ്കിൽ പോലും വവ്വാലിൻ്റെ ഉമിനീര് ശരീരത്തിലെ ചെറിയ പോറലുകളിലോ, കണ്ണ്, മൂക്ക്, വായ് എന്നിവയിലൂടെയോ ഉള്ളിൽ ചെന്നാൽ രോഗബാധയുണ്ടാകാം.

അതിനാൽ വവ്വാൽ ശരീരത്തിൽ തൊട്ടാൽ പോലും ഉടൻ ഡോക്ടറെ കാണണം. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പിന്നീട് ഇതിന് ചികിത്സയോ മരുന്നോ ഇല്ല; മരണം ഉറപ്പാണ്. എന്നാൽ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് കൃത്യസമയത്ത് വാക്സിൻ എടുത്താൽ 100% രക്ഷപെടാൻ സാധിക്കും. വവ്വാലുമായി സമ്പർക്കമുണ്ടായാൽ ഉടൻ തന്നെ ആദ്യ വാക്സിൻ എടുക്കണം. തുടർന്ന് മൂന്ന്, ഏഴ്, പതിനാല് ദിവസങ്ങളിലും വാക്സിൻ നൽകും. വാക്സിൻ പ്രവർത്തിച്ച് രോഗപ്രതിരോധ ശേഷി ഉണ്ടാകാൻ സമയമെടുക്കും. അതിനാൽ ശരീരത്തിൽ ഉടനടി വൈറസിനെതിരെ പോരാടാൻ 'ഇമ്മ്യൂണോഗ്ലോബുലിൻ' എന്ന ആൻ്റി ബോഡി കുത്തിവെയ്പ്പും രോഗിക്ക് നൽകുന്നു.