24 മണിക്കൂറിൽ 24,000 മരങ്ങൾ നട്ട് നഷ്ടപ്പെട്ട ഗിന്നസ് റെക്കോർഡ് തിരിച്ചുപിടിക്കാനൊരുങ്ങി കെന്നി ചാപ്ലിൻ. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചെന്ന സ്വന്തം ഗിന്നസ് ലോക റെക്കോർഡ് വീണ്ടെടുക്കുകയാണഅ അദ്ദേഹത്തിൻ്റെ ലക്ഷ്യം. സസ്‌കാച്ചെവനിലെ ബ്യൂണ വിസ്റ്റ ഗ്രാമത്തിൽ ജൂൺ 30 രാവിലെ എട്ട് മണി മുതൽ ജൂലൈ ഒന്ന് രാവിലെ 8 മണി വരെയാണ് ഈ റെക്കോർഡ് ശ്രമം നടക്കുന്നത്.
2001-ൽ പ്രിൻസ് ആൽബർട്ടിന് സമീപം 24 മണിക്കൂറിനുള്ളിൽ 15,170 മരങ്ങൾ നട്ടാണ് കെന്നി ആദ്യമായി ഈ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. തുടർന്ന് 20 വർഷത്തോളം ഈ റെക്കോർഡ് അദ്ദേഹത്തിന്റെ പേരിൽ നിലനിന്നു. 2021 ജൂലൈ 17-ന് ആൻ്റണി മോസസ് എന്ന മറ്റൊരു കാനഡക്കാരൻ 23,060 മരങ്ങൾ നട്ട് കെന്നിയുടെ റെക്കോർഡ് തകർത്തു. ഈ റെക്കോർഡ് മറികടക്കാനാണ് കെന്നി ഇപ്പോൾ ശ്രമിക്കുന്നത്.
2001-ൽ അദ്ദേഹം നട്ട മരങ്ങൾ ഇന്ന് വലിയ കാടായി വളർന്നു കഴിഞ്ഞു. ഇത്തവണ നട്ടുപിടിപ്പിക്കുന്ന ജാക്ക് പൈൻ തൈകളും ഇതേപോലെ വളരുമെന്നും, അഞ്ച് വർഷത്തിനുള്ളിൽ ഈ പ്രദേശത്ത് ആളുകൾക്ക് നടക്കാനും വിശ്രമിക്കാനുമുള്ള മനോഹരമായ പാതകൾ ഒരുക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗിന്നസ് അധികൃതരുടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ റെക്കോർഡ് ശ്രമം നടക്കുന്നത്. മരങ്ങൾ കൃത്യമായ രീതിയിലാണ് നടുന്നത് എന്ന് സാക്ഷ്യപ്പെടുത്താൻ ഫോറസ്റ്റർ, അർബോറിസ്റ്റ്, ബോട്ടണിസ്റ്റ് തുടങ്ങിയ പ്രൊഫഷണലുകളെ കെന്നി നിയോഗിച്ചിട്ടുണ്ട്.
ഒരു മരവും വിട്ടുപോകാതെ കൃത്യമായി നടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ 24 മണിക്കൂറും തുടർച്ചയായി ദൃശ്യങ്ങൾ പകർത്തുന്ന മൂന്ന് വ്യത്യസ്ത ക്യാമറകളും ഈ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. സഹായിയായി അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരനും ഒപ്പമുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വന പുനരുദ്ധാരണത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക കൂടിയാണ് ഈ വലിയ ശ്രമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഈ ക്യാമ്പെയ്ന് പിന്തുണ നൽകുന്ന 'ലെറ്റ്സ് പ്ലാൻ്റ് ട്രീസ്' എന്ന സംഘടന വ്യക്തമാക്കി.