കാനഡയിലെ ഓട്ടവയിൽ രണ്ട് കുട്ടികളെയും അവരുടെ പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ഓട്ടവയിലെ മാൻഡവില്ല ക്രസൻ്റിലുള്ള ഒരു വീട്ടിലാണ് ഏഴും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും സഹോദരങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഈസ്റ്റേൺ ഒൻ്റാരിയോയിലെ കെംപ്റ്റ്‌വില്ലിലുള്ള ഒരു കാർപൂൾ പാർക്കിംഗ് ഏരിയയിൽ കാറിന് തീപിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കാറിനുള്ളിലാണ് പിതാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇതൊരു ഇരട്ടക്കൊലപാതകവും തുടർന്നുണ്ടായ ആത്മഹത്യയുമാണെന്ന് ഓട്ടവ പൊലീസ് സൂപ്രണ്ട് ജാമി ഡൺലപ്പ് മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്.
ഓട്ടവയിലെ വീടിന് പുറമെ, പിതാവിൻ്റെ മൃതദേഹം കണ്ടെത്തിയ കാർ പാർക്കിംഗ് ഏരിയ, ഇറോക്വോയിസിലെ ഒരു സ്ഥാപനത്തിലുണ്ടായ തീപിടുത്തം എന്നിവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടികളുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. കുടുംബത്തിൽ മറ്റ് കുട്ടികളുണ്ടെങ്കിലും അവർ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. മരിച്ച കുട്ടികളുടെ പേരുകൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.