സാമ്പത്തിക തട്ടിപ്പ് ആശങ്ക; വിദേശ തൊഴിലാളി പ്രോഗ്രാം സമഗ്രമായി പരിഷ്കരിച്ച് ഒൻ്റാരിയോ

By: 600110 On: Jun 29, 2026, 1:32 PM

കുടിയേറ്റ പ്രോഗ്രാമുകളിലെ വ്യാപകമായ തട്ടിപ്പുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ,  വിദേശ തൊഴിലാളി പ്രോഗ്രാമിൽ വൻ അഴിച്ചുപണി പ്രഖ്യാപിച്ച്  ഒൻ്റാരിയോ . നിലവിലുണ്ടായിരുന്ന ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൻ്റെ  ഭാഗമായ ഒൻപത് ഇമിഗ്രേഷൻ സ്ട്രീമുകളും  പ്രവിശ്യ നിർത്തലാക്കി. അർഹരായ ഉദ്യോഗസ്ഥരെയും വിദേശ തൊഴിലാളികളെയും സ്ഥിരതാമസത്തിനായി  നാമനിർദ്ദേശം ചെയ്യുന്ന ഈ സംവിധാനം ദുരുപയോഗം ചെയ്ത് നടക്കുന്ന വിസ തട്ടിപ്പുകൾ തടയുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനുമാണ് പുതിയ പരിഷ്കരണമെന്ന് അധികൃതർ വ്യക്തമാക്കി. 

പുതിയ ഭേദഗതികൾ പ്രകാരം ഫോറിൻ വർക്കർ, ഇൻ്റർനാഷണൽ സ്റ്റുഡൻ്റ്, ഇൻ-ഡിമാൻഡ് സ്കിൽസ്, മാസ്റ്റേഴ്സ് ആൻഡ് പി.എച്ച്.ഡി ഗ്രാജുവേറ്റ്സ് ഉൾപ്പെടെയുള്ള  ഒൻപത് പ്രധാന വിഭാഗങ്ങളാണ് ഒൻ്റാരിയോ പൂർണ്ണമായും റദ്ദാക്കിയത്. ഇതിന് പകരമായി കൂടുതൽ സുതാര്യവും ഏകീകൃതവുമായ പുതിയ സംവിധാനം പ്രവിശ്യ ഉടൻ അവതരിപ്പിക്കും. പുതിയ നിയമപ്രകാരം വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾ ഒ.ഐ.എൻ.പി  ഡയറക്ടർക്ക് കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കമ്പനികളുടെ സാമ്പത്തിക ഭദ്രതയും ബിസിനസ്സ് പശ്ചാത്തലവും കർശനമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമേ ഇനിമുതൽ വിദേശ തൊഴിലാളികൾക്ക് ജോലി വാഗ്ദാനം നൽകാൻ അനുമതി ലഭിക്കൂ. 

കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന വ്യാജ ഇമിഗ്രേഷൻ ഏജൻ്റുമാർക്കെതിരെയും വഞ്ചനാപരമായ നീക്കങ്ങൾ നടത്തുന്ന തൊഴിലുടമകൾക്കെതിരെയും കടുത്ത നിയമനടപടികളാണ് പ്രവിശ്യ ലക്ഷ്യമിടുന്നത്. കുറ്റക്കാർക്ക് വൻ തുക പിഴ ചുമത്തുന്നതിനൊപ്പം മൂന്ന് വർഷം മുതൽ ആജീവനാന്ത വിലക്ക് വരെ ഏർപ്പെടുത്താൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. പെട്ടെന്നുണ്ടായ ഈ നിയമപരിഷ്കാരം നിലവിൽ അപേക്ഷ നൽകാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികളിലും അന്താരാഷ്ട്ര വിദ്യാർത്ഥികളിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ നിയമമാറ്റത്തിന് തൊട്ടുമുൻപ് വരെ സമർപ്പിക്കപ്പെട്ട അപേക്ഷകൾ പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് തീർപ്പാക്കുമെന്ന് ഒൻ്റാരിയോ ഇമിഗ്രേഷൻ മന്ത്രാലയം അറിയിച്ചു.