ബ്രിട്ടീഷ് കൊളംബിയയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വാൻകൂവറിൽ വൻ ജനകീയ പ്രതിഷേധം. വാൻകൂവർ ആർട്ട് ഗാലറിക്ക് സമീപം ഒത്തുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർ പദ്ധതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഫെഡറൽ ഗവൺമെൻ്റുമായി സഹകരിച്ച് വാൻകൂവറിന് സമീപം രണ്ടും കാംലൂപ്സിൽ ഒന്നും ഉൾപ്പെടെ മൂന്ന് എ.ഐ ഡാറ്റാ സെൻ്ററുകൾ നിർമ്മിക്കാനാണ് ടെലികോം കമ്പനിയായ 'ടെലസ്' പദ്ധതിയിടുന്നത്. ഇത് പ്രഖ്യാപിച്ചതിന് പിന്നാലെ, ഒരു മാസത്തിനിടെ വാൻകൂവർ ഡൗൺടൗണിൽ നടക്കുന്ന രണ്ടാമത്തെ വലിയ പ്രതിഷേധമാണിത്. വാൻകൂവറിന് പുറമെ വിക്ടോറിയ, കാംലൂപ്സ്, കാൽഗറി, ടൊറൻ്റോ, ഹാലിഫാക്സ് തുടങ്ങിയ നഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറി.
ഡാറ്റാ സെൻ്ററുകൾ സൃഷ്ടിക്കുന്ന വലിയ തോതിലുള്ള പരിസ്ഥിതി ആഘാതം, അമിതമായ ജലഉപയോഗം, ഊർജ്ജ പ്രതിസന്ധി എന്നിവയാണ് ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചത്. പ്രവിശ്യ രൂക്ഷമായ വരൾച്ച നേരിടുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ജലനിയന്ത്രണം ഏർപ്പെടുത്തുമ്പോൾ, ഡാറ്റാ സെൻ്ററുകൾക്ക് ആയിരക്കണക്കിന് ലിറ്റർ വെള്ളം അനുവദിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പദ്ധതിക്കെതിരെ 'സ്റ്റോപ്പ് ദി വാൻകൂവർ എ.ഐ ഡാറ്റാ സെൻ്റർ' എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ ഹർജിയിൽ ഇതിനകം 15,000-ത്തിലധികം ആളുകൾ ഒപ്പുവെച്ചിട്ടുണ്ട്. എ.ഐ സാങ്കേതികവിദ്യക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഇത്തരം വൻകിട പദ്ധതികളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്നും റാലിയിൽ പങ്കെടുത്ത ബി.സി ഗ്രീൻ പാർട്ടി നേതാവ് എമിലി ലോവൻ ആവശ്യപ്പെട്ടു.
2032-ഓടെ ഈ മൂന്ന് കേന്ദ്രങ്ങൾക്കുമായി 150 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുമെന്ന് കമ്പനിയായ ടെലസ് വ്യക്തമാക്കി. ഇത് വടക്കുകിഴക്കൻ ബി.സിയിൽ പുതുതായി നിർമിച്ച സൈറ്റ് സി അണക്കെട്ടിൻ്റെ ആകെ ഉൽപ്പാദനക്ഷമതയുടെ 12 മുതൽ 14 ശതമാനം വരെയാണ്. എന്നാൽ ഊർജ്ജക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക.