റാഷെൽ വ്രാത്ത്‌മാൾ കൊലപാതക കേസ്: 19 വർഷത്തിന് ശേഷം പ്രതി പശ്ചിമാഫ്രിക്കയിൽ അറസ്റ്റിൽ

By: 600110 On: Jun 29, 2026, 1:17 PM

ക്യൂബെക്കിനെ നടുക്കിയ റാഷെൽ വ്രാത്ത്‌മാൾ വധക്കേസിൽ രണ്ട് പതിറ്റാണ്ടിന് ശേഷം നിർണായക വഴിത്തിരിവ്. സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷം, മുഖ്യപ്രതിയും റാഷെലിൻ്റെ ഭർത്താവുമായ റാഫിയോ സോയെ പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ വെച്ച് പ്രാദേശിക സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ഗിനിയിൽ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി നിയമനടപടികൾ ആരംഭിച്ചതായി ഫ്രഞ്ച് വാർത്താമാധ്യമമായ 'ലാ പ്രെസ്സെ' റിപ്പോർട്ട് ചെയ്യുന്നു. 

2007 ജൂണിൽ ഷെർബ്രൂക്കിലെ ലെന്നോക്സ്‌വില്ലിലുള്ള വസതിയിലാണ് റാഷെലിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കനേഡിയൻ പൗരത്വമില്ലാതിരുന്ന ഗിനിയ സ്വദേശിയായ റാഫിയോ സോയുമായി ഒരു വർഷം മുൻപായിരുന്നു റാഷെലിൻ്റെ വിവാഹം. ഇയാൾക്ക് നിയമപരമായ കുടിയേറ്റ പദവി ലഭ്യമാക്കുന്നതിനുള്ള സ്പോൺസർഷിപ്പ് നടപടികളുമായി റാഷെൽ മുന്നോട്ട് പോകുന്നതിനിടെയാണ് കൊലപാതകം നടക്കുന്നത്. കുറ്റകൃത്യത്തിന് ശേഷം കാനഡ വിട്ട പ്രതി, അമേരിക്ക വഴി ആഫ്രിക്കയിലേക്ക് കടന്നതായി എസ്.ക്യു അന്വേഷണസംഘം കണ്ടെത്തിയിരുന്നു.  

ദീർഘകാലമായി കാനഡ പൊലീസിൻ്റെ കോൾഡ് കേസ് പട്ടികയിലായിരുന്ന ഈ കേസിൽ ഇപ്പോൾ നടന്നിരിക്കുന്ന അറസ്റ്റ് ഇരയുടെ കുടുംബത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് റാഷെലിൻ്റെ സുഹൃത്തുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കാനഡയ്ക്ക് കൈമാറുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിച്ചുവരികയാണ്