പി പി ചെറിയാന്‍
ഫ്‌ലോറിഡ: സെന്‍ട്രല്‍ ഫ്‌ലോറിഡയില്‍ ഈ വാരാന്ത്യത്തില്‍ ഉണ്ടായ രണ്ട് വ്യത്യസ്ത മുതല ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ അറിയിച്ചു.
ഞായറാഴ്ച ലിറ്റില്‍ ബിഗ് ഇക്കോണ്‍ സ്റ്റേറ്റ് ഫോറസ്റ്റിന് സമീപമുള്ള ഇക്കോണ്‍ലോക്കാച്ചി നദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുകയായിരുന്ന യുവതിയെ മുതല ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരെ ആക്രമിച്ച മുതലയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ശനിയാഴ്ച മാരിയോണ്‍ കൗണ്ടിയില്‍ തീരത്തുനിന്ന് മീന്‍ പിടിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയില്‍ മുതല കടിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ 8 അടിയിലേറെ നീളമുള്ള മുതലയെ പിന്നീട് വന്യജീവി ഉദ്യോഗസ്ഥര്‍ പിടികൂടി കൊന്നു.
ഫ്‌ലോറിഡയില്‍ മുതലകളുടെ ആക്രമണം സാധാരണയായി കുറവാണെങ്കിലും, ജലാശയങ്ങള്‍ക്ക് സമീപം പോകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വളര്‍ത്തുമൃഗങ്ങളെ വെള്ളത്തിനടുത്തേക്ക് വിടരുതെന്നും വന്യജീവി വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.