രണ്ടു ഡോസും സ്വീകരിച്ച വിദേശികള്‍ക്ക് നവംബര്‍ എട്ടുമുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം

By: 600007 On: Oct 16, 2021, 12:21 AM

കോവിഡിനെ തുടര്‍ന്ന് വിദേശത്തുനിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അമേരിക്ക. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കും. നവംബര്‍ എട്ടുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 
 
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 2020 മാര്‍ച്ചിനു ശേഷം അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക്. മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ബാധകമായിരുന്നു. യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞമാസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ച് വിമാനയാത്രികര്‍, യാത്രയുടെ മൂന്നുദിവസം മുന്‍പ് കോവിഡ് പരിശോധന നടത്തണം. സമ്പര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്പനികളാണ് ഏര്‍പ്പെടുത്തേണ്ടത്.   
 
രണ്ടു ഘട്ടമായാണ് കര അതിര്‍ത്തി തുറന്നു കൊടുക്കുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഒന്നാം ഘട്ടത്തില്‍, വിനോദസഞ്ചാരം പോലുള്ള അടിയന്തര സ്വഭാവമില്ലാത്ത സന്ദര്‍ശനങ്ങള്‍ക്ക് എത്തുന്നവര്‍ വാക്‌സിന്റെ രണ്ടുഡോസും സ്വീകരിക്കണം. അതേസമയം അടിയന്തര സ്വഭാവമുള്ള സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഈ നിബന്ധനയില്ല. സന്ദര്‍ശനത്തിന് അടിയന്തര സ്വഭാവമാണ് ഉള്ളതെങ്കില്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിവരുന്നുണ്ട്. രണ്ടാംഘട്ടം 2022 ജനുവരി ആദ്യം മുതല്‍ തുടങ്ങും. 
 
content highlights: US to allow fully vaccinated foreign travellers from november 8