മെസ്സി ആരാധനയില്‍ ക്ലിനിക്ക് 'ക്ഷേത്ര'മാക്കി ഡാളസിലെ ഡോക്ടര്‍

By: 600002 On: Jun 29, 2026, 8:25 AM



 

പി പി ചെറിയാന്‍


ഡാളസ്: ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നില്‍ക്കെ, ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയോടുള്ള ആരാധന മൂത്ത് തന്റെ ക്ലിനിക്കിനെ മെസ്സി മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്  ഡാല്ലാസിലുള്ള ഒരു അര്‍ജന്റീനന്‍ വംശജനായ ഡോക്ടര്‍. നോര്‍ത്ത് ഡാല്ലാസില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്റെ ക്ലിനിക്കിന്റെ ചുവരുകളും ഇടനാഴികളും മെസ്സിയുടെ ചിത്രങ്ങളും അര്‍ജന്റീനന്‍ പതാകകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് വിശ്വസിക്കുന്ന ഡോക്ടര്‍, മെസ്സിയുടെ കരിയറിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിനിക്കിലെ പന്ത്രണ്ടോളം പരിശോധനാ മുറികളിലേക്ക് പോകുന്ന വഴിയിലുടനീളം മെസ്സി പ്രഭാവം ദൃശ്യമാണ്. തന്റെ മക്കളോടൊപ്പം ചേര്‍ന്നാണ് ഡോക്ടര്‍ ഈ 'മെസ്സി മ്യൂസിയം' ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന ഡാല്ലാസില്‍ ഈ ഡോക്ടറുടെ ക്ലിനിക്കും ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്.