ഒൻ്റാരിയോയിൽ കാർ ഇൻഷുറൻസ് നിയമങ്ങൾ മാറുന്നു; പ്രീമിയം കുറഞ്ഞേക്കാമെങ്കിലും സാമ്പത്തിക ബാധ്യതയേറാൻ സാധ്യത 

By: 600110 On: Jun 29, 2026, 7:40 AM

 

കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ ജൂലൈ ഒന്ന് മുതൽ വാഹന ഇൻഷുറൻസ് നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇതുവരെ നിർബന്ധമായിരുന്ന ചില ഇൻഷുറൻസ് ആനുകൂല്യങ്ങൾ പുതിയ നിയമം അനുസരിച്ച് ഉപഭോക്താക്കൾക്ക് വേണമെങ്കിൽ മാത്രം തിരഞ്ഞെടുത്താൽ മതി. ഇത് വഴി വാഹന ഉടമകൾക്ക് പ്രീമിയം തുകയിൽ ചെറിയ കുറവ് ലഭിക്കുമെങ്കിലും, അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ കുറയുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇതുവരെ ഒൻ്റാരിയോയിലെ സാധാരണ കാർ ഇൻഷുറൻസ് പോളിസികളിൽ അപകടമുണ്ടായാൽ ലഭിക്കുന്ന വരുമാന നഷ്ട പരിഹാരം, മരണാനന്തര ആനുകൂല്യങ്ങൾ , ശവസംസ്കാര ചെലവുകൾ , പഠനച്ചെലവുകൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇവയെല്ലാം 'ഓപ്ഷണൽ' ആയി മാറും. ഇനി മുതൽ മെഡിക്കൽ പരിചരണം, പുനരധിവാസം , പരിചാരകരുടെ സഹായം എന്നിവ മാത്രമേ നിർബന്ധിത പരിരക്ഷയിൽ ഉൾപ്പെടുകയുള്ളൂ.

പോളിസിയിൽ നിന്നും ഓപ്ഷണൽ ആനുകൂല്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ഒരു ഉപഭോക്താവിന് വർഷത്തിൽ 100 മുതൽ 200 ഡോളർ വരെ ലാഭിക്കാൻ സാധിച്ചേക്കും. എന്നാൽ ഒരു അപകടമുണ്ടായാൽ വൻ തുക സ്വന്തം കൈയിൽ നിന്ന് നൽകേണ്ടി വരുമെന്ന് ഇൻഷുറൻസ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഇൻഷുറൻസ് ഉള്ളവരെ ഈ മാറ്റം പെട്ടെന്ന് ബാധിക്കില്ല. ജൂലൈ ഒന്നിന് ശേഷമെടുക്കുന്ന പുതിയ പോളിസികൾക്കും, നിലവിലുള്ളവ പുതുക്കുമ്പോഴുമാണ് ഈ നിയമം ബാധകമാകുക. ഉപഭോക്താക്കളെ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇൻഷുറൻസ് ബ്രോക്കർമാർക്ക് പ്രവിശ്യാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയ നിയമം കാർ ഇല്ലാത്തവരെയും ബാധിച്ചേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്. മുൻപ് ഒരു കാർ അപകടത്തിൽപ്പെടുന്ന കാൽനടയാത്രക്കാർക്കോ സൈക്കിൾ യാത്രികർക്കോ ആ വാഹനത്തിൻ്റെ ഇൻഷുറൻസിൽ നിന്നും എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ ഡ്രൈവർ അധികമായി വാങ്ങിയ ഓപ്ഷണൽ ഇൻഷുറൻസിൻ്റെ ആനുകൂല്യങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് മാത്രമേ ലഭിക്കൂ. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കും അടിസ്ഥാനപരമായ മെഡിക്കൽ പരിരക്ഷ മാത്രമേ ലഭിക്കുകയുള്ളൂ.  

ഇൻഷുറൻസ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് പ്രീമിയം തുക കുറയ്ക്കുന്നത് ബുദ്ധിയല്ലെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. പകരം, ഒൻ്റാരിയോയിലെ വിവിധ ഇൻഷുറൻസ് കമ്പനികളുടെ നിരക്കുകൾ താരതമ്യം ചെയ്ത് ഏറ്റവും മികച്ച നിരക്കിൽ പൂർണ്ണ പരിരക്ഷ നൽകുന്ന കമ്പനിയെ തിരഞ്ഞെടുക്കുന്നതായിരിക്കും  ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതം.