ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കാനഡ ഫിഫ ലോകകപ്പിൻ്റെ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. ഇഞ്ചുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ സ്റ്റീഫൻ യുസ്റ്റാക്വിയോ നേടിയ തകർപ്പൻ ഗോളാണ് കാനഡയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇതാദ്യമായാണ് കാനഡ ലോകകപ്പിൻ്റെ പ്രീക്വാർട്ടറിൽ എത്തുന്നത്.
മത്സരത്തിൻ്റെ ഭൂരിഭാഗം സമയവും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. കാനഡയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുടീമുകളുടെയും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനമാണ് ഗോൾ വഴങ്ങുന്നതിൽ നിന്നും ടീമുകളെ രക്ഷിച്ചു നിർത്തിയത്. എങ്കിലും ആദ്യ പകുതിയിൽ ഷോട്ടുകളിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാനഡയാണ് മുന്നിട്ടുനിന്നത്.
പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന കനേഡിയൻ ക്യാപ്റ്റനും ബയേൺ മ്യൂണിക് താരവുമായ അൽഫോൻസോ ഡേവിസ് മത്സരത്തിൻ്റെ 75-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയത് കാനഡയ്ക്ക് വലിയ ഊർജ്ജം പകർന്നു. ഒടുവിൽ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് ജേക്കബ് ഷാഫൽബർഗ് നൽകിയ പാസിലൂടെ യുസ്റ്റാക്വിയോ കാനഡയുടെ വിജയഗോൾ വലയിലാക്കിയത്. കളിയുടെ 92ആം മിനിറ്റിലായിരുന്നു ഈ ഗോൾ പിറന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ബോസ്നിയക്കെതിരെ സമനിലയും ഖത്തറിനെതിരെ വൻ വിജയവും നേടിയ കാനഡ, സ്വിറ്റ്‌സർലൻഡിനോട് പരാജയപ്പെട്ടെങ്കിലും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. നെതർലൻഡ്സ് - മൊറോക്കോ മത്സരത്തിലെ വിജയികളെയാണ് ജൂലൈ 4-ന് ഹൂസ്റ്റണിൽ നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ കാനഡ നേരിടുക.