കാനഡ തിരയുന്ന കുപ്രസിദ്ധ കുറ്റവാളി സ്പെയിനിൽ പിടിയിൽ

By: 600110 On: Jun 29, 2026, 7:20 AM

 

കാനഡയിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള കുറ്റവാളികളിൽ ഒരാളായ ഓൾ ബോയ്വിനെയാണ് സ്പെയിൻ പോലീസ് അറസ്റ്റ് ചെയ്തത്. ക്യൂബെക്ക് പ്രവിശ്യാ പോലീസാണ്  വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്.  സ്പെയിനിലെ മാർബെല്ലയിൽ വെച്ച് ഇൻ്റർപോളിൻ്റെ പ്രത്യേക സംഘമാണ് 36-കാരനായ ബോയ്വിനെ പിടികൂടിയത്. കാനഡയിലെ ക്യൂബെക്ക് സ്വദേശിയായ ഇയാൾ കഴിഞ്ഞ കുറച്ചുകാലമായി മാർബെല്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു.

2023 ഫെബ്രുവരി മുതൽ പോലീസ് തിരയുന്ന വ്യക്തിയാണ് ബോയിവിൻ. ക്യൂബെക്കിൽ നടക്കുന്ന കടുത്ത ലഹരിമരുന്ന് മാഫിയാ സംഘർഷങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. ഗുണ്ടായിസം, ക്രൂരമായ മർദ്ദനം, തട്ടിക്കൊണ്ടുപോകൽ, ആയുധക്കടത്ത്, ലഹരിമരുന്ന് കടത്ത് തുടങ്ങി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ബോയ്വിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനുപുറമെ മറ്റ് പല കേസുകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കാനഡയിലെ മറ്റൊരു പ്രമുഖ മാഫിയ തലവനായ ഡേവ് ടൂർമലിനൊപ്പം ഇയാൾ പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഡേവിനെ 2025-ൽ ഇറ്റലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാനഡയിലെയും സ്പെയിനിലെയും പോലീസ് ഉദ്യോഗസ്ഥരെയും ഇൻ്റർപോളിനെയും ക്യൂബെക്ക് പബ്ലിക് സെക്യൂരിറ്റി മന്ത്രി ഇയാൻ ലാഫ്രെനിയർ അഭിനന്ദിച്ചു. കാനഡ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു കുറ്റവാളിയെയാണ് പിടികൂടിയിരിക്കുന്നതെന്നും, വരും ദിവസങ്ങളിൽ ഇയാളെ കോടതിക്ക് മുന്നിൽ ഹാജരാക്കാനുള്ള നിയമനടപടികൾ ആരംഭിക്കുമെന്നും ക്യൂബെക്ക് പോലീസ് മേധാവി ജോഹാൻ ബ്യൂസൊലെയിൽ അറിയിച്ചു.