ഉപഭോക്താക്കൾക്ക് തെറ്റായ വിവരങ്ങൾ അടങ്ങിയ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ നൽകിയതുമായി ബന്ധപ്പെട്ട ബാങ്ക് നിയമ ലംഘനത്തിന് റോയൽ ബാങ്ക് ഓഫ് കാനഡയ്ക്ക് FCAC 4.25 മില്യൺ ഡോളർ പിഴ ചുമത്തി. 2001 മുതൽ 2024 വരെയുള്ള കാലയളവിൽ രണ്ടു ലക്ഷത്തിലധികം കാനഡക്കാരുടെ അക്കൗണ്ടുകളെയാണ് ബാങ്കിൻ്റെ ഈ വീഴ്ച ദോഷകരമായി ബാധിച്ചത്. ക്രെഡിറ്റ് കാർഡുകളിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, നിലവിലുള്ള കാർഡ് റദ്ദാക്കി പുതിയ അക്കൗണ്ടിലേക്ക് വിവരങ്ങൾ മാറ്റുന്ന പ്രക്രിയയിലെ സാങ്കേതികവും ഭരണപരവുമായ മേൽനോട്ടക്കുറവാണ് ഈ പിഴവിലേക്ക് നയിച്ചതെന്ന് FCAC വ്യക്തമാക്കി.
ഇതേത്തുടർന്ന് ഉപഭോക്താക്കളുടെ സ്റ്റേറ്റ്‌മെൻ്റുകളിൽ പലിശയും മറ്റ് നിരക്കുകളും തെറ്റായി രേഖപ്പെടുത്തുകയും ചിലരിൽ നിന്ന് അധിക തുക ഈടാക്കുകയും ചെയ്തിരുന്നു.
ബാങ്കിങ് നിയമങ്ങളുടെ ലംഘനം ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമായതായി കണ്ടെത്തിയതിനെ തുടർന്ന്, 2,27,947 അക്കൗണ്ടുകളിലേക്കായി 22.4 മില്യൺ ഡോളറിലധികം തുക തിരികെ നൽകിയതായി ആർബിസി അറിയിച്ചു. കൂടാതെ, നിലവിൽ കണ്ടെത്താൻ സാധിക്കാത്ത ഉപഭോക്താക്കളുടെ വിഹിതമായി 2,99,000 ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബാങ്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചതായി ബാങ്ക് വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കൃത്യമായ സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും ബാങ്കുകൾ കൂടുതൽ സുതാര്യത പുലർത്തണമെന്ന് എഫ്‌സിഎസി കർശന നിർദ്ദേശം നൽകി.