നഗരത്തിൽ ടാക്സി, ഫുഡ് ഡെലിവറി സേവനങ്ങളെ മുൻനിർത്തി വ്യാപകമായ രീതിയിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായി ടൊറൻ്റോ പോലീസ് മുന്നറിയിപ്പ് നൽകുന്നു. സങ്കീർണ്ണമായ സാങ്കേതിക വിദ്യകളും മനഃശാസ്ത്രപരമായ സമീപനങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പുസംഘം പൊതുജനങ്ങളെ കെണിയിൽ വീഴ്ത്തുന്നത്.
യാത്രാവേളകളിൽ അപരിചിതരായ ആളുകളെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുന്നതാണ് ഇവരുടെ രീതി. സാധാരണയായി ഒരു സ്ത്രീയാണ് ഇരകളുടെ മുന്നിലേക്ക് എത്താറുള്ളത്. ടാക്സി ഡ്രൈവർ ക്യാഷായി യാത്രാക്കൂലി സ്വീകരിക്കുന്നില്ലെന്നും ഡെബിറ്റ് കാർഡ് മാത്രമേ എടുക്കൂവെന്നും ഇവർ ഇരകളെ വിശ്വസിപ്പിക്കും. തുടർന്ന് തങ്ങളുടെ കൈവശമുള്ള ക്യാഷ് ഇരകൾക്ക് നൽകിയ ശേഷം, പകരം അവരുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ടാക്സി മെഷീനിൽ പണമടയ്ക്കാൻ ഇവർ അഭ്യർത്ഥിക്കുന്നു.
ഇടപാടിനായി കാർഡ് നൽകുമ്പോൾ മെഷീൻ്റെ 'ടാപ്പ്' സംവിധാനം തകരാറിലാണെന്ന് കാണിച്ച് കാർഡ് മെഷീനിൽ നേരിട്ട് ഇൻസേർട്ട് ചെയ്യാൻ ഡ്രൈവർ ആവശ്യപ്പെടും. എന്നാൽ കാർഡിൻ്റെ പിൻ നമ്പറും മറ്റ് സുപ്രധാന വിവരങ്ങളും ചോർത്താൻ പാകത്തിൽ പ്രത്യേകം മാറ്റം വരുത്തിയ വ്യാജ പേയ്‌മെൻ്റ് മെഷീനുകളാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്. പണമിടപാട് വിജയകരമായി പൂർത്തിയായതിന് ശേഷം, ഇരകളുടെ കാർഡിന് സമാനമായ മറ്റൊരു വ്യാജ കാർഡ് തിരികെ നൽകി യഥാർത്ഥ കാർഡ് തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്. തുടർന്ന് ഈ കാർഡും പിൻ നമ്പരും ഉപയോഗിച്ച് വൻതോതിൽ പണം പിൻവലിക്കുകയോ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ പർച്ചേസുകൾ നടത്തുകയോ ചെയ്യുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസ് മുന്നറിയിപ്പ് നൽകുന്നു.. അപരിചിതർക്ക് വേണ്ടി സ്വന്തം കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നതും പകരം ക്യാഷ് വാങ്ങുന്നതുമായ രീതികൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പോയിൻ്റ് ഓഫ് സെയിൽ ടെർമിനലുകളിൽ കാർഡുകൾ ഇടുമ്പോൾ യാതൊരു കാരണവശാലും അതിൽ നിന്ന് ശ്രദ്ധ മാറ്റരുതെന്നും പേയ്‌മെൻ്റ് നടത്തുമ്പോൾ കീപാഡിൽ പിൻ നമ്പർ ടൈപ്പ് ചെയ്യുന്നത് മറ്റുള്ളവർ കാണാത്ത രീതിയിൽ കൈകൾ കൊണ്ട് മറച്ചുപിടിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.