പൊതുപാഠശാലകളില്‍ ബൈബിള്‍ വായന നിര്‍ബന്ധമാക്കി ടെക്‌സസ്; അമേരിക്കയില്‍ ആദ്യ സംസ്ഥാനം

By: 600002 On: Jun 27, 2026, 9:29 AM



 

പ്രസാദ് തീയാടിക്കല്‍   

ഓസ്റ്റിന്‍, ടെക്‌സസ്: അമേരിക്കയിലെ പൊതുപാഠശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബൈബിളിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ നിര്‍ബന്ധിത വായനയായി ഉള്‍പ്പെടുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് ടെക്‌സസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ അന്തിമ അംഗീകാരം നല്‍കി. ഇതോടെ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി ടെക്‌സസ് മാറി.

പുതിയ നിര്‍ബന്ധിത വായനാപട്ടികയില്‍ ബൈബിളിലെ വിവിധ ഭാഗങ്ങള്‍ക്കൊപ്പം മറ്റ് ക്ലാസിക് സാഹിത്യകൃതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് മുതല്‍ ബൈബിളിലെ ചില ഭാഗങ്ങള്‍ വായനാപദ്ധതിയുടെ ഭാഗമാകുകയും, ഹൈസ്‌കൂള്‍ തലത്തില്‍ കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. പദ്ധതി 2030 മുതല്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.

ഈ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ അമേരിക്കയുടെ ജൂത-ക്രൈസ്തവ പൈതൃകം വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതുണ്ടെന്ന് വാദിക്കുമ്പോള്‍, എതിര്‍ക്കുന്നവര്‍ ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന സഭയും സംസ്ഥാനവും തമ്മിലുള്ള വേര്‍തിരിവിന്റെ തത്വത്തിന് വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ആരോപിച്ചു. വിഷയത്തില്‍ രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്.