'സ്വന്തമായി വീട് ' എന്ന് സ്വപ്നം കാണുന്നവർക്കായി ഈ കഥ സമർപ്പിക്കുന്നു...
' 'മണ്ണിൽ വിളഞ്ഞ വീട് '
"അച്ഛാ.. നമ്മളെന്നാ പുതിയ വീടുവയ്ക്കുന്നേ?"
കോരിച്ചൊരിയുന്ന മഴയത്ത് വാടകയ്ക്കു താമസിക്കുന്ന ഒറ്റമുറി വീടിന്റെ കൈവരിയിലിരിക്കുകയായിരുന്ന പ്രകാശൻ, ഒരു ഞെട്ടലോടെ മകനെ തിരിഞ്ഞു നോക്കി.. മുൻപൊക്കെ മകൻ കിച്ചു ഇങ്ങനെ ചോദിക്കുമ്പോൾ, മറുപടി പറയാൻ, പ്രകാശന് നൂറു നാവുണ്ടായിരുന്നു... തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും മക്കളും ഭാര്യയുമായി പങ്കു വയ്ക്കുന്നതിൽ അതീവ ആനന്ദവാനായിരുന്നു അയാൾ.. പക്ഷെ ഇന്ന്, ഉള്ള പണിയും പോയി, ഇനി അടുത്ത് എന്ത്, എന്ന് ഒരു എത്തും പിടിയുമില്ലാതെ ഇരിക്കുകയായിരുന്ന പ്രകാശൻ, നിഷ്കളങ്കമായ മുഖത്തോടെ തന്നെ നോക്കി നില്ക്കുന്ന കിച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
''നമുക്കു വയ്ക്കാം മോനേ "
അതു കേട്ടതും കിച്ചു സന്തോഷത്തോടെ അനിയത്തി ചിന്നുവിന്റെ അടുത്തേക്കോടി.. പ്രകാശന്റ നോട്ടം ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് തിരിഞ്ഞു... വർഷങ്ങൾക്കു മുൻപ് ഷീബയുടെ കൈയ്യും പിടിച്ച്, തിരുവനന്തപുരത്തു നിന്ന് വളരെ അകലെയുള്ള പാലക്കാട്ടെ ഈ കുന്നിൽ ചെരിവിലേയ്ക്കു വന്നതാണ്.. പാവപ്പെട്ട ഒരു ഹിന്ദു ചെക്കനും പണക്കാരിയായ ഒരു മുസ്ലീം പെണ്ണുമായുള്ള പ്രണയ കഥയുടെ പരിസമാപ്തം... തരക്കേടില്ലാത്ത ഒരു വീട് വാടകക്കെടുത്ത്, നല്ല രീതിയിൽ തുടക്കം... താല്പര്യമില്ലെങ്കിലും ഷീബയുടെ നിർബന്ധം കാരണം അവളുടെ ആഭരണങ്ങൾ വിറ്റ്, അവൾ ഉപദേശിച്ച രീതിയിൽ ഒന്നു രണ്ടു ബിസിനസ്സുകൾ ചെയ്തു നോക്കി..
ബിസിനസ്സിൽ പയറ്റിത്തെളിഞ്ഞ അവളുടെ ബന്ധുക്കൾ ചെയ്യുന്ന പോലെ, കച്ചവടം എന്തെന്നറിയാത്ത പ്രകാശൻ എന്തു ചെയ്യാനാ... ആകെയുള്ള അവന്റെ ജീവിത പരിചയം, അച്ഛനോടൊപ്പം വീട്ടുപറമ്പിൽ അദ്ധ്വാനിച്ചിട്ടുള്ളതുമാത്രം. അമ്മ നേരത്തെ മരിച്ചു പോയ അവന്, അച്ഛൻ മാത്രമായിരുന്നു എല്ലാം. ഒടുവിൽ അച്ഛന്റെ ചികിത്സക്കു വേണ്ടി ആ വീടും സ്ഥലവും വിറ്റെങ്കിലും അവനെ തനിച്ചാക്കി അച്ഛനും പോയി.
തൊട്ടടുത്ത വീട്ടിലെ ഷീബ. കളിക്കൂട്ടുകാരനോടുള്ള സ്നേഹവും സഹതാപവും അവളെ അവന്റെ കൂടെ ഇവിടെ എത്തിച്ചു. ബിസിനസ്സിന്റെ ട്രിക്കുകൾ പഠിച്ചു വന്നപ്പോൾ കൈയ്യിലുണ്ടായിരുന്ന കാശെല്ലാം തീർന്നു. ഷീബയുടെ ആഭരണങ്ങളും. പഴയ വാടക വീട്ടിൽ നിന്ന് ഈ ചെറിയ വീട്ടിലേയ്ക്കത്തി. ദിവസവും ജോലി അന്യേക്ഷിച്ചലഞ്ഞ അവൻ ഒരു ദിവസം, സമീപത്തെ ശിവക്ഷേത്രത്തിന്റെ പടിപ്പുരയിൽ തളർന്നിരുന്നു. ദേവസ്വം ബോർഡിന്റെ അമ്പലം. നട അടച്ചിറങ്ങിയ ശാന്തിക്കാരനും കഴകവും അവനെ ശ്രദ്ധിച്ചു. അവന്റെ അവസ്ഥ അറിഞ്ഞ, കഴകം രതീഷ് ഒരു ഓഫർ കൊടുത്തു.
ദിവസവും രാവിലെയും വൈകുന്നേരവും അയാളുടെ പകരക്കാരനായി അമ്പലത്തിൽ നില്ക്കണം. ദിവസം ഇരുന്നൂറു രൂപ വച്ച്, ഒരു മാസം ആറായിരം രൂപ തരും. സന്തോഷത്തോടെ പ്രകാശൻ സമ്മതിച്ചു. ഇതിനകം തന്നെ ഏതു പരിതസ്ഥിതിയിലും ജീവിക്കാൻ പഠിച്ചു കഴിഞ്ഞ ഷീബയും പുതിയ സാഹചര്യത്തെ നേരിടാൻ സന്തോഷത്തോടെ തയ്യാറായി. വെളുപ്പിന് അമ്പലത്തിലേയ്ക്കു പോകുന്ന പ്രകാശൻ, വളരെ നല്ല രീതിയിൽ തന്നെ ഏല്പിച്ച പണികൾ കൃത്യതയോടെ ചെയ്തു. ആ അമ്പലത്തിൽ ആകെ രണ്ടു സ്റ്റാഫുകളേ ഉണ്ടായിരുന്നുള്ളു. ശാന്തിയും കഴകവും. അതു കൊണ്ട് പ്രകാശന് പിടിപ്പത് പണിയുണ്ടായിരുന്നു. നല്ല ശമ്പളം വാങ്ങിക്കൊണ്ടിരുന്ന രതീഷ് ഒപ്പിടാൻ മാത്രം വന്നു തുടങ്ങി. തന്നെ ഏല്പിച്ചിരുന്ന പണിയും കഴിഞ്ഞ്, ആ മതിലിനകത്ത് ഭഗവാന്റെ പൂജയ്ക്കാവശ്യമുള്ള പൂക്കൾക്കു വേണ്ടി എല്ലാചെടികളും നട്ടുപിടിപ്പിച്ചു.
പൂജാ സ്റ്റാളും കൂടെ ലേലത്തിൽ പിടിച്ചിരുന്ന രതീഷ്, ആ പൂക്കളും വിറ്റു കാശാക്കി. കുറച്ചു പൂക്കൾ മാത്രമേ ഭഗവാനു ഫ്രീയായി കിട്ടിയുള്ളു. പ്രകാശന്റെ ജോലിയോടുള്ള ആത്മാർത്ഥതകണ്ട്, ചില ഭക്തർ, ശാന്തിക്കു കൊടുക്കുന്നതിന്റെ കൂടെ ദക്ഷിണയായിട്ട്, അവനും എന്തെങ്കിലും കൊടുത്തു തുടങ്ങി. ആ വരുമാനം കൂടെ ആയപ്പോൾ, പ്രകാശന്റെയും ഷീബയുടെയും കൊച്ചു കുടുംബത്തിനു പ്രതീക്ഷകൾ മുളപൊട്ടി. ഒരു മാസചിട്ടിയും തുടങ്ങി.
അവരുടെ കൂടെ രണ്ട് അതിഥികൾ കൂടെ എത്തി. കിച്ചുവും ചിന്നുവും. ഇപ്പോൾ കിച്ചു മൂന്നാം ക്ലാസ്സിലും ചിന്നു ഒന്നാം ക്ലാസ്സിലുമാണ്. അങ്ങനെയിരിക്കെ ഒരു ദിവസം പ്രകാശനെ എന്തോ കാര്യത്തിനു തിരക്കി വന്ന ഒരു കമ്മറ്റി മെമ്പർ, ആ ഒറ്റമുറി വീട്ടിൽ, നിസ്കരിക്കുന്ന ഷീബയെ കണ്ടു. ഷീബയുടെ വിശ്വാസത്തെ പ്രകാശൻ എതിർത്തിരുന്നില്ല. അതോടു കൂടി കമ്മറ്റിക്കാരുടെ എതിർപ്പുകാരണം പ്രകാശന് അമ്പലത്തിലെ പണി നഷ്ടപ്പെട്ടു.
സ്വന്തമായി കുറച്ചു സ്ഥലം, അതിൽ ഭംഗിയുള്ള ഒരു ചെറിയ വീട് എന്ന സ്വപ്നമാണ് ഇതാ പൊലിഞ്ഞിരിക്കുന്നത്. പ്രകാശൻ ഓർമ്മകളിൽ നിന്ന് പുറത്തുവന്നു. മഴ തീർന്നിരിക്കുന്നു. ഷീബ കൊണ്ടു കൊടുത്ത കട്ടൻ ചായ കുടിച്ചു കൊണ്ട് പ്രകാശൻ മനസ്സിൽ ഒരു ഉറച്ച തീരുമാനമെടുത്തു. എത്ര കഷ്ടപ്പെട്ടാലും തങ്ങളുടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യും. അമ്പലത്തിലെ പണി നന്നായി ഇഷ്ടപ്പെട്ടിരുന്ന പ്രകാശൻ, പല അമ്പലങ്ങളിലും കയറിയിറങ്ങി. പക്ഷെ അവിടെയൊന്നും പകരക്കാരനെ ആവശ്യമില്ലായിരുന്നു.
ഒരു ദിവസം അലഞ്ഞു തിരിഞ്ഞ്, തന്റെ പഴയ അമ്പലത്തിലെത്തിയ പ്രകാശൻ, തന്റെ ഇഷ്ടദേവനെ പുറത്തു നിന്ന് തൊഴുതുകൊണ്ട്
''ഭഗവാനേ അങ്ങു തന്നെ രക്ഷ" എന്നു പറഞ്ഞു കൊണ്ട്, ആ പടിപ്പുരയിൽ കയറിയിരുന്നു. അപ്പോഴാണ് അമ്പലത്തിലെ സ്ഥിരം ഭക്തനായ കൃഷ്ണ കുറുപ്പ്, ലേലത്തിൽ പിടിച്ച ഒരു വലിയ കുലയുമായി പുറത്തേയ്ക്കു വന്നത്. പ്രകാശനെ കണ്ട്, അദ്ദേഹം വിശേഷങ്ങൾ തിരക്കി. പ്രകാശൻ അവിടെ നിന്ന് പോയതിൽ വളരെ വിഷമമുണ്ടായിരുന്നവരിൽ ഒരാളാണ് കൃഷണ കുറുപ്പ്. പ്രകാശൻ കുലവാങ്ങി, തന്റെ തോളിലെടുത്തു വച്ച്, ഞാൻ കൊണ്ടുവരാം എന്നു പറഞ്ഞു നടന്നു.. മുൻപും പല പ്രാവശ്യം ഇത്തരത്തിലുള്ള സഹായങ്ങൾ, പ്രകാശൻ അദ്ദേഹത്തിനു ചെയ്തു കൊടുത്തിട്ടുണ്ട്. കുല, കുറുപ്പിന്റെ വീട്ടിൽ കൊണ്ടു വച്ചിട്ട്, ചുറ്റും നോക്കിക്കൊണ്ട് പ്രകാശൻ പറഞ്ഞു
"ഈ കാടെല്ലാം വെട്ടിക്കളഞ്ഞിട്ട് കൃഷി ചെയ്തിരുന്നെങ്കിൽ ഇതുപോലുള്ള എത്ര കുലകൾ ഇവിടെത്തന്നെ കിട്ടുമായിരുന്നു.. "
"ആരാ അതിനൊക്കെ മെനക്കെടുന്നത്? കൃഷിയൊന്നും പഴയ പോലെ ലാഭമില്ലെന്നേ " കുറുപ്പിന്റെ മറുപടി.
" എന്റെ കൈയ്യിലെങ്ങാനും ഒരു പത്ത് സെന്റ് ഉണ്ടായിരുന്നെങ്കിൽ ഞാൻ സ്വർണ്ണം വിളയിപ്പിച്ചേനെ" അതു പറഞ്ഞ പ്രകാശനെ നോക്കിയിട്ട്, കൃഷ്ണകുറുപ്പ് ചോദിച്ചു.
" പ്രകാശന് സമ്പാദ്യം വല്ലതുമുണ്ടോ?"
"ചിട്ടിപിടിച്ച ഒരു ലക്ഷവും അതിന്റെ പലിശയും ബാങ്കിൽ കിടപ്പൊണ്ട്. അതാണ് ആകെ സമ്പാദ്യം.. അതു കൊടുത്താ ഒരു സെന്റ് സ്ഥലം പോലും കിട്ടില്ല. മൂന്നു സെന്റെങ്കിലും ഉണ്ടെങ്കിലേ വീടു വയ്ക്കാൻ സർക്കാർ സഹായം കിട്ടുകയുള്ളു." എന്തോ ആലോചിച്ചിട്ടെന്നോണം കുറുപ്പ് പറഞ്ഞു..
" പ്രകാശൻ ഒരു കാര്യം ചെയ്യ്, ആ ഒരു ലക്ഷം രൂപയെടുത്തു കൊണ്ട് നാളെയിങ്ങ് പോര് " പിന്നെ നടന്നത് പ്രകാശനും കുടുംബത്തിനും അവിശ്വസനീയമായിരുന്നു. കുറുപ്പിന്റെ തറവാടിനോട് ചേർന്ന് കുറച്ച് കീഴ്ക്കാം തൂക്കായി കിടന്ന ഒരു ഇരുപത് സെന്റ് സ്ഥലം, കുറുപ്പ് , ഒരു ലക്ഷം രൂപയ്ക്ക് പ്രകാശന് എഴുതിക്കൊടുത്തു. ആ വസ്തുവിലേയ്ക്ക് ഒരു നടവഴി മാത്രമേയുള്ളു. ഒരു വശം തോട്. വസ്തുവിൽ ഒരു പൊട്ടക്കിണറും. കുറുപ്പ് പറഞ്ഞു.
" ആർക്കു കൊടുത്താലും ഈ അവസ്ഥയിൽ സെന്റൊന്നിന് രൂപ ഇരുപത്തയ്യായിരം വച്ച് കണ്ണടച്ചു കൊണ്ട് തരും. സാരമില്ല, ഇതുകൊണ്ട് നിനക്ക് രക്ഷപ്പെടാൻ പറ്റുമെങ്കിൽ രക്ഷപ്പെട്....."
പിറ്റേ ദിവസം മുതൽ പ്രകാശൻ ആ സ്ഥലത്ത് അദ്ധ്വാനിക്കാൻ തുടങ്ങി. പൊട്ടക്കിണർ വൃത്തിയാക്കി എടുത്തു. തോടിനടുത്തായതിനാൽ നിറച്ചും വെള്ളം. എല്ലാ ഫലവൃക്ഷങ്ങളുടേയും ബഡ്ഡ് തൈകൾ വാങ്ങി ഒരു അകലം വിട്ട് നട്ടുപിടിപ്പിച്ചു. അധികം കായ്ഫലം ഇല്ലാതിരുന്ന നാലഞ്ചു തെങ്ങുകൾ ആ വസ്തുവിൽ ഉണ്ടായിരുന്നു, അതിനെല്ലാം തടമെടുത്തു... കുറച്ചു വാഴത്തൈകൾ നട്ടുപിടിപ്പിച്ചു..... ചെരിവുണ്ടായിരുന്ന വസ്തുവിനെ തട്ടുകളായി തിരിച്ചു ...... തൊട്ടടുത്ത കോഴിഫാമിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നാലഞ്ചു ചാക്ക് കോഴികാഷ്ഠം വാങ്ങി വളമായി ഇട്ടു കൊടുത്ത്, നന്നായി നനച്ചു.. പ്രകാശനെ സഹായിക്കാനായി ഷീബയും, കിച്ചുവും, ചിന്നുവും കൂടി.. ചീര, വെണ്ട, കത്തിരി തുടങ്ങി, എല്ലാ പച്ചക്കറികളും അവിടെ വിളഞ്ഞു.
ആറുമാസം കൊണ്ട് പ്രകാശൻ പറഞ്ഞതുപോലെ അവിടെ പൊന്നു വിളഞ്ഞു. തെങ്ങുകളിൽ നിറയെ കായ്കൾ വന്നു ... പേരക്കകൾ പഴുത്തു തുടങ്ങി... രാസവളം ചേർക്കാത്ത പ്രകാശന്റെ പചക്കറികൾ, നല്ല വിലക്കുവാങ്ങാൻ ആളുകളുണ്ടായി. വാഴയിലുണ്ടായ ആദ്യത്തെ കുല മുറിച്ചെടുത്ത് അയാൾ കൃഷ്ണ കുറുപ്പിന്റെ വീട്ടിലെത്തി. അന്ന് അദ്ദേഹത്തിന്റെ മകളും മരുമകനും അവിടെ ഉണ്ടായിരുന്നു. പ്രകാശനെ കണ്ട് കുറുപ്പ് പറഞ്ഞു:
" ഞാൻ പ്രകാശനെ കാണാനിരിക്കയാരുന്നു..... ഇന്നലെ ഞാനും പിള്ളാരും കൂടെ പ്രകാശന്റെ വിളയിൽ വന്നിരുന്നു.. ഞങ്ങളുടേതായിരുന്നപ്പോൾ അങ്ങോട്ടൊന്ന് ഇറങ്ങാൻ പോലും പേടിയായിരുന്ന സ്ഥലത്തിന്റെ ഈ മാറ്റം കണ്ട് എന്റെ സൺ ഇൻ ലാ യ്ക്ക് അതിശയം.. പ്രകാശൻ കൊടുക്കുന്നുവെങ്കിൽ ഈ സ്ഥലം തിരിച്ചു വാങ്ങാൻ അയാൾക്ക് താല്പര്യമുണ്ട്.. " പ്രകാശന്റെ മുഖം ചെറുതായൊന്നു വാടി..
''പ്രകാശൻ പേടിക്കേണ്ട, എത്ര ഫലഭൂയിഷ്ടമായാലും നടവഴി മാത്രമുള്ള ഈ സ്ഥലം പ്രകാശൻ പുറത്തു കൊടുത്താൽ, സെന്റൊന്നിന് നാല്പതിനായിരം വച്ചു കിട്ടുമായിരിക്കും... പക്ഷേ, ഞങ്ങളുടെ സ്ഥലത്തോട് ചേർക്കുമ്പോൾ വഴിയുടെ പ്രശ്നം വരുന്നില്ല.. സെന്റിന് എഴുപത്തയ്യായിരം വച്ച് തരാൻ അയാൾ ഒരുക്കമാണ്.
" അന്നേരം പ്രകാശൻ പെട്ടെന്ന് പറഞ്ഞു "അതു വേണ്ട സാർ നാല്പതിനായിരം വച്ച് തന്നാൽ മതി. അങ്ങല്ലേ ഈ സ്ഥലം എനിക്ക് തന്നത്.."
" അതൊന്നും സാരമില്ലെടോ.. തന്റെ അദ്ധ്വാനത്തിന് പ്രതിഫലം കിട്ടണ്ടേ? പുതിയ വീടൊക്കെ വയ്ക്കണ്ടേ.." ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ വസ്തുവിന്, ഒരു വർഷത്തിനകത്തു തന്നെ പതിനഞ്ച് ലക്ഷം കിട്ടിയപ്പോൾ, പ്രകാശന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾക്ക് ചിറകുവച്ചു.. രജിസ്ട്രേഷന്റെ അന്ന് പ്രകാശനോട് കുറുപ്പ് പറഞ്ഞു..
'' പ്രകാശാ നീ നാളെ എന്നെ വന്നൊന്ന് കാണ്."
പിറ്റേ ദിവസം കറുപ്പിന്റെ വീട്ടിലെത്തിയ പ്രകാശനെയും കൂട്ടി, അദ്ദേഹത്തിന്റെ കാറിൽ, അവിടെ നിന്ന് നാലു കിലോമീറ്റർ അകലെ ഒരു സ്ഥലത്തേക്കു പോയി. അദ്ദേഹത്തിന്റെ ഒരു പഴയ സ്നേഹിതന്റെ വീട്ടിൽ.. ഒരു പഴയ ജന്മിയാണ് അദ്ദേഹം.. അദ്ദേഹത്തിന്റെ ഒന്നും ചെയ്യാതെയിട്ടിരിക്കുന്ന ഒരേക്കർ സ്ഥലം കൊടുക്കാനുണ്ട്, എന്നു പറഞ്ഞിരുന്നു.. സ്കൂട്ടർ വഴിയേയുള്ളു.. കക്ഷി, ഇരുപത്തഞ്ചു ലക്ഷം രൂപ കിട്ടണമെന്ന് ആവശ്യപ്പെട്ടു.. കുറുപ്പ് ഇടപെട്ട്, പതിനഞ്ച് ലക്ഷത്തിന് ഉറപ്പിച്ചു.. കുറച്ചു കൂടെ നിരപ്പായ സ്ഥലമാണത്.. ഒരു പഴയ വീടും അതിലുണ്ടായിരുന്നു. അത് ശരിയാക്കിയെടുത്ത്, പ്രകാശനും കുടുംബവും അവിടെ താമസമായി.
ഒരു പത്തു സെന്റോളം വയൽ നികത്തി കരയാക്കി തെങ്ങ് നട്ടിരിക്കുന്ന സ്ഥലമാണ്.. ഇടക്കിടക്ക് നീർച്ചാലുകളും.. പ്രകാശന്റെയും കുടുംബത്തിന്റെയും അദ്ധ്വാനം കൊണ്ട്, കുറച്ചു ദിവസത്തിനകം അത് ഫലഭൂയിഷ്ടമായി.. തെങ്ങിൻ തോപ്പിനിടയിൽ ഒന്നു രണ്ടു ചെറിയ കുളം വെട്ടി, മീൻ വളർത്തി.. കുറച്ച് ആടുകളും കോഴികളും.. അപ്പോഴാണ് തൊട്ടടുത്തുള്ള മൂന്നേക്കർ സ്ഥലം, പ്ലോട്ടു തിരിച്ചു കൊടുക്കുന്ന ആൾക്കാർ വാങ്ങിയത്.. അവർ പ്രകാശന്റെ സ്ഥലത്തിനോട് ചേർന്ന് വഴി വെട്ടി.. വഴിയുടെ മൂന്നിലൊന്ന് സ്ഥലം പ്രകാശനും വിട്ടുകൊടുത്തു ... അങ്ങനെ ഒരു അഞ്ച് സെന്റോളം സ്ഥലം നഷ്ടമായെങ്കിലും, പ്രകാശന്റെ വസ്തുവിലേയ്ക്ക് വലിയ ലോറി വഴിയായി .. എതിർ വശത്തെ പ്ലോട്ടുകളെല്ലാം നല്ല വിലയിൽ വിറ്റു..
പലതിലും വീടുപണി തുടങ്ങി.. ഒരു പാർട്ടി വന്ന് പ്രകാശന്റെ വസ്തുവിൽ നിന്നും, സെന്റൊന്നിന് രണ്ടു ലക്ഷം രൂപ വച്ച് , ഇരുപത്തഞ്ച് സെന്റ് സ്ഥലം കൊടുക്കാമോന്ന് ചോദിച്ചു. നല്ലൊരു വീട് എന്ന സ്വപനം മനസ്സിലുള്ളതു കൊണ്ട് പ്രകാശൻ മടിച്ചു നിന്നില്ല. ഇപ്പോൾ എഴുപത് സെന്റ് സ്ഥലത്ത് പുത്തൻവീടും നല്ലൊരു കൃഷിസ്ഥലവും കാറും ആയി. തന്റെ വീടിന്റെ പാലുകാച്ചിന് ആദ്യം ക്ഷണിക്കാൻ വിചാരിച്ചിരുന്നത് കൃഷ്ണക്കുറുപ്പിനെ ആയിരുന്നു. പക്ഷെ.... അതിനു മുമ്പേ ആ നല്ല മനുഷ്യൻ ഈ ഭൂമി വിട്ടു പോയി... പുതിയ വീട്ടിൽ ദൈവങ്ങളുടെ പടത്തോടൊപ്പം കുറുപ്പിന്റെ ഒരു ഫോട്ടോ കൂടി പ്രകാശൻ വച്ചു. തന്നെ സഹായിക്കാൻ ദൈവം വന്നത് കുറുപ്പിന്റെ രൂപത്തിലായിരുന്നുവെന്ന് പ്രകാശൻ വിശ്വസിക്കുന്നു.
----ശുഭം----