കാനഡയിൽ കടുത്ത ആരോഗ്യപ്രതിസന്ധി; എമർജൻസി വിഭാഗങ്ങളിൽ രോഗികളുടെ കാത്തിരിപ്പ് സമയം നീളുന്നു

By: 600110 On: Jun 27, 2026, 7:48 AM



കാനഡയിലെ ആശുപത്രികളിൽ രോഗികൾക്ക് ചികിത്സ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം മുൻവർഷങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ആശുപത്രികളിലെ തിരക്ക്, ജീവനക്കാരുടെ കുറവ്, കിടക്കകളുടെയും സ്ട്രെച്ചറുകളുടെയും പരിമിതി എന്നിവയാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.  കാനഡയിലെ ജനസംഖ്യയിൽ പ്രായമായവരുടെ നിരക്ക് കൂടുകയാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള പ്രായമായവർക്ക് പ്രത്യേക പരിചരണവും ഐസൊലേഷൻ സൗകര്യങ്ങളുമുള്ള ബെഡുകൾ ആവശ്യമായി വരുന്നതിനാൽ ഇവർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നു. ചികിത്സ കഴിഞ്ഞ രോഗികളെ ലോങ്ങ്-ടേം കെയർ ഹോമുകളിലേക്കോ പുനരധിവാസ കേന്ദ്രങ്ങളിലേക്കോ മാറ്റാൻ ശരാശരി 24 ദിവസത്തോളം താമസമുണ്ടാകുന്നു. ഇതും പുതിയ രോഗികൾക്ക് ബെഡ് ലഭ്യത കുറയ്ക്കുന്നു.

 ജീവനക്കാരുടെ കുറവ് മൂലം ഗ്രാമീണ മേഖലകളിലെ ചില എമർജൻസി വിഭാഗങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടി വരുന്നുണ്ട്. ഇവിടുത്തെ രോഗികളിൽ നാലിലൊരാൾക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഡോക്ടർമാരെ കാണാനുള്ള താമസം രോഗികളുടെ അവസ്ഥ കൂടുതൽ വഷളാക്കാനും അടിയന്തര ചികിത്സ വൈകാനും കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എമർജൻസി വിഭാഗങ്ങളിലെ ഈ പ്രശ്നം പരിഹരിക്കാൻ ആശുപത്രി സംവിധാനങ്ങൾ മാത്രം പോരാ എന്നും, പ്രൈമറി കെയർ, ഹോം കെയർ, ലോങ്ങ്-ടേം കെയർ തുടങ്ങിയ എല്ലാ മേഖലകളും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ മാറ്റം ആരോഗ്യരംഗത്ത് ആവശ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.