ആൽബർട്ടയിലെ കനാനാസ്കിസ് വനമേഖലയിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ഗ്രിസ്ലി കരടിയുടെ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കരടി തൊട്ടരികിലെത്തിയിട്ടും ഭയന്നുവിറയ്ക്കാതെ ധൈര്യത്തോടെ നേരിട്ടതിനാലാണ് സ്ത്രീയും നായയും അത്ഭുതകരമായി രക്ഷപെട്ടത്. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെ വളർത്തുനായയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ഈ സ്ത്രീ. പെട്ടെന്നാണ് മുന്നിൽ ഒരു കൂറ്റൻ കരടി പ്രത്യക്ഷപ്പെട്ടത്. സ്ത്രീയെ കണ്ടതും അത് വേഗത കൂട്ടി നേരെ മുന്നിലേക്ക് പാഞ്ഞടുത്തു. പലതവണ കരടി അതിൻ്റെ പിൻകാലുകളിൽ നിവർന്നുനിന്ന് സ്ത്രീയെയും നായയെയും ഭയപ്പെടുത്താൻ ശ്രമിക്കുകയും ചുറ്റും വലംവെക്കുകയും ചെയ്തു. എന്നാൽ സ്ത്രീ നായയെ ചേർത്തുപിടിച്ച് നിരന്തരം ഒച്ചവെച്ചതോടെ, കരടി പെട്ടെന്ന് പിൻവാങ്ങി കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു.
നായയെ ലക്ഷ്യമിട്ടാണ് കരടി ഇത്രയും അക്രമാസക്തമായി അടുത്തുവന്നതെന്ന് വൈൽഡ് ലൈഫ് അധികൃതർ സ്ഥിരീകരിച്ചു. സംഭവം നടന്ന മൗണ്ട് എൻഗാഡിൻ ലോഡ്ജ് പരിസരങ്ങളിലും സമീപത്തെ ട്രെക്കിംഗ് പാതകളിലും ഇപ്പോൾ കർശനമായ 'ബെയർ വാണിംഗ്' പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാനഡയിലെ റോക്കി മൗണ്ടൻ മേഖലകളിൽ കരടികളുടെ ശല്യം വർധിച്ചു വരികയാണ്. കനാനാസ്കിസിലെ മറ്റൊരു ക്യാമ്പിൽ കഴിഞ്ഞ ദിവസം നാല് കരടികൾ അടങ്ങുന്ന ഒരു സംഘം തമ്പടിക്കുകയും, ഒരു സഞ്ചാരിയുടെ ടെൻ്റ് കീറിമുറിക്കുകയും ചെയ്തു. തുടർന്ന് കരടിയെ തുരത്താൻ സഞ്ചാരിക്ക് 'ബെയർ സ്പ്രേ' ഉപയോഗിക്കേണ്ടി വന്നു.
ഈ സംഭവത്തിന് ശേഷം പ്രദേശത്തെ ചില ക്യാമ്പുകളിൽ താൽക്കാലികമായി ടെൻ്റുകൾ അടിച്ചു താമസിക്കുന്നത് അധികൃതർ നിരോധിച്ചിട്ടുണ്ട്. സുരക്ഷിതമായ വാഹനങ്ങളിലോ കാരവനുകളിലോ ഉള്ള താമസത്തിന് മാത്രമേ ഇപ്പോൾ അനുമതിയുള്ളൂ. തൊട്ടടുത്തുള്ള ബാൻഫ് നാഷണൽ പാർക്കിലും കഴിഞ്ഞ വാരങ്ങളിൽ സമാനമായ രീതിയിൽ കരടികൾ ടെൻ്റുകൾ തകർത്തതിനെ തുടർന്ന് സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിക്കുകയും ആ വനമേഖല പൂർണ്ണമായി അടയ്ക്കുകയും ചെയ്തിരിക്കുകയാണ്.