ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ചരിത്രസംഭവമാക്കാന്‍ സംഘാടകര്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

By: 600002 On: Jun 26, 2026, 1:26 PM

 

 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കണ്‍വെന്‍ഷന് ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, സംഘടനയ്ക്ക് ജന്മം നല്‍കിയ ഹൂസ്റ്റണില്‍ നടക്കുന്ന ഈ മഹാസമ്മേളനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സതേണ്‍ റീജിയന്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

കണ്‍വെന്‍ഷനായി ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമ്മേളനം നടക്കുന്ന ഹോട്ടലിലെ ഭൂരിഭാഗം മുറികളും ബുക്ക് ചെയ്യപ്പെട്ടതായും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ആവേശകരമായ രജിസ്‌ട്രേഷന്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു.

ജൂണ്‍ 23-ന് അപ്ന ബസാറില്‍ ചേര്‍ന്ന സതേണ്‍ റീജിയന്‍ പ്രവര്‍ത്തകയോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഫോമായുടെ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയണല്‍ ചെയര്‍മാന്‍ വര്‍ഗീസ് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു.

വരുന്ന ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള ഹോട്ടലുകളിലെ റൂമുകളെല്ലാം നിറഞ്ഞുവെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. രജിസ്ട്രേഷന്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊട്ടടുത്തുതന്നെ മുറികള്‍ ലഭ്യമാക്കുന്നുണ്ട്.

തുടര്‍ന്ന് ഹൂസ്റ്റണ്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജിജു കുളങ്ങര, ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്‍വെന്‍ഷനുകളിലൊന്നായി ഈ സമ്മേളനത്തെ മാറ്റുന്നതിനായി എല്ലാവരും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ ഒരുക്കങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പുരോഗതി സംബന്ധിച്ച വിശദീകരണം നല്‍കി. കണ്‍വെന്‍ഷന്‍ സ്‌പെഷ്യല്‍ സപ്‌ളിമെന്റിന്റെ പ്രസിദ്ധീകരണത്തിലേക്കു ഏവരുടെയും പിന്തുണ മീഡിയ ചെയര്‍ സൈമണ്‍ വളാച്ചേരി അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ സൗത്തേണ്‍ റീജിയനെ പ്രതിനിധീകരിച്ച് വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തു.

സെക്യൂരിറ്റി കമ്മിറ്റി: രാജന്‍ പത്തനാപുരം
ഓണ്‍ലൈന്‍ മീഡിയ കമ്മിറ്റി: ജീമോന്‍ റാന്നി
ഉദ്ഘാടന ഘോഷയാത്ര കമ്മിറ്റി: പൊടിയമ്മ പിള്ള
സ്വീകരണ-അതിഥി സത്കാര കമ്മിറ്റി: ജോയ് എന്‍. സാമുവല്‍
ബിസിനസ് മീറ്റ് കമ്മിറ്റി: ജോണ്‍ ഉമ്മന്‍ (പ്രസാദ്)

വിഐപി സ്വീകരണ കമ്മിറ്റി ചെയര്‍ പേഴ്‌സനായി എം.ജി. മാത്യു വിനെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മറ്റ് റീജിയനുകളില്‍ നിന്നുള്ള കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരെയും ഉടന്‍ തന്നെ വിവിധ പ്രവര്‍ത്തകസംഘങ്ങളിലേക്ക് ഉള്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമാവുകയും ചെയ്യും.

ഫോമാ ദേശീയ റീജിയന്‍ നേതാക്കളായ തോമസ് ഒലിയാംകുന്നേല്‍, ജോയ്. എന്‍ ശാമുവേല്‍ , എസ് .കെ.ചെറിയാന്‍, ഷാജി എഡ്വേര്‍ഡ്, മിഖായേല്‍ ജോയ്, തോമസ് ജോര്‍ജ് (സഞ്ജു), ക്രിസ്റ്റഫര്‍ ജോര്‍ജ് , മെര്‍ലിന്‍  സാജന്‍, സാജന്‍ ജോണ്‍ , ആന്‍സി ശാമുവേല്‍,ശശി പിള്ള, ഡെന്നിസ് മാത്യു,സുരേഷ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാന സമ്മേളനമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് ഹൂസ്റ്റണില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.